അടിമാലി: അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ ടെറ്റിന്റെ കടമ്പയിൽ തട്ടി പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാതെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ. നിശ്ചിത യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന എൽ.പി/ യു.പി അദ്ധ്യാപക നിയമനത്തിന് അപേക്ഷിക്കാൻ കഴിയാതെ വന്നിരിക്കുന്നത്. കെ ടെറ്റ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന നിബന്ധനയാണ് പ്രശ്നം. ഏറ്റവുമൊടുവിലായി നടന്ന കെ. ടെറ്റ് പരീക്ഷയിൽ കാറ്റഗറി ഒന്നിൽ 12 ശതമാനവും കാറ്റഗറി രണ്ടിൽ 23 ശതമാനവുമായിരുന്നു വിജയം. അടുത്ത കെ. ടെറ്റ് ഫെബ്രുവരി 15, 16 തീയതികളിലാണ്. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ചും. അടുത്ത അഞ്ചു വർഷമാകുമ്പോഴേക്കും പ്രായപരിധി പിന്നിടുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല. അതേസമയം, ഏറ്റവുമൊടുവിൽ കെ. ടെറ്റ് പാസായവരുടെ കാര്യത്തിലും തടസം നിലനിൽക്കുന്നു. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് പി.എസ്.സി വിജ്ഞാപനം വന്നതു നിയമപ്രശ്നമാകുമോയെന്നാണ് ആശങ്ക.
ടി.ടി.സി, ബി.എഡ് തുടങ്ങിയ കോഴ്സുകൾ 50 ശതമാനം മാർക്കോടെ പാസായിട്ടുള്ള വിദ്യാർഥികൾക്കാണു കെ ടെറ്റ് വിലങ്ങു തടിയാകുന്നത്. കെ ടെറ്റ് ഇല്ലാതെ എയ്ഡഡ് വിദ്യാലയത്തിൽ കയറിയ അദ്ധ്യാപകർക്ക് 2021 വരെ കെ ടെറ്റിന്റെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. കഴിഞ്ഞ എൽ.പി/ യു.പി പരീക്ഷയിൽ നിയമനം ലഭിച്ചവർക്കും കെ ടെറ്റ് എഴുതിയെടുക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കെ ടെറ്റ് നിർബന്ധമാക്കിയതോടെ അദ്ധ്യാപനയോഗ്യതയുള്ള 70 ശതമാനത്തോളം പേർക്കാണ് അവസരം നഷ്ടമാകുന്നത്. ജോലിയിൽ കയറിയ ഉദ്യോഗാർഥികൾക്ക് കെ ടെറ്റ്, നേടിയെടുക്കാൻ നൽകിയ ഇളവു പോലെ കെ ടെറ്റ് ലഭിക്കാത്ത ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാനുള്ള ഇളവ് അനുവദിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

പാസ് മാർക്ക് വ്യത്യസ്തം

കെ ടെറ്റ് പരീക്ഷയിൽ ജനറൽ വിഭാഗക്കാർക്ക് 60 ശതമാനം, ഒ.ബി.സി. വിഭാഗക്കാർക്ക് 55 ശതമാനം എന്നിങ്ങനെയാണ് പാസ് മാർക്ക് നിശ്ചിയിച്ചിട്ടുള്ളത്. സെറ്റ്, എംഫിൽ, എം.എഡ് തുടങ്ങിയ പരീക്ഷകളിൽ ജയിക്കാൻ 50 ശതമാനം മാർക്ക് മതി. എന്നാൽ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗത്തിലുള്ള കെ ടെറ്റ് കാറ്റഗറി 1, 2 , 3 പരീക്ഷകളിൽ മാത്രം 55 ശതമാനം, 60 ശതമാനം മാർക്ക് നേടണം