കറുകച്ചാൽ: കടയ്ക്കു മുന്നിൽ ബൈക്ക് വച്ചതിന് വ്യാപാരി യുവാവിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞു. തലയിലും കണ്ണിലും മുളകുപൊടി വീണ ആനിക്കാട് നൂറോമ്മാവ് ചെറ്റയിൽ റിജോ തോമസ് (35) കറുകച്ചാലിലെ സ്വകാര്യശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കടയുടമ തോട്ടയ്ക്കാട് മുക്കാട്ടുകാവുങ്കൽ ബിജു (44) വിനെതിരെ കറുകച്ചാൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ 11-ന് കറുകച്ചാൽ പഞ്ചായത്ത് മാർക്കറ്റിലായിരുന്നു സംഭവം. സാധനം വാങ്ങാനായി എത്തിയ റിജോ ബിജുവിന്റ പച്ചക്കറിക്കടയുടെ മുന്നിൽ ബൈക്ക് വച്ചതാണ് പ്രശ്നമായത്. ബൈക്ക് മാറ്റണമെന്ന് ബിജു റിജോയോട് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ബിജു കടയിലുണ്ടായിരുന്ന മുളകുപൊട്ടി പൊട്ടിച്ച് റിജോയുടെ മുഖത്തേക്ക് ഏറിയുകയായിരുന്നു. കണ്ണിലും തലയിലും മുളകുപൊടി വീണ റിജോയെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് രക്ഷിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി റിജോയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനിലെത്തിച്ച ബിജുവിനെ ജാമ്യത്തിൽ വിട്ടയച്ചു.