തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീർ അവാർഡ് ടി. പത്മനാഭന് മന്ത്രി ഡോ.കെ. ടി ജലീൽ നാളെ നൽകും. മൂവാറ്റുപുഴയാറിന്റെ തീരത്തെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് ദാനം നടക്കുന്നത്. വൈകിട്ട് 4 ന് തബലിസ്റ്റ് രത്‌നശ്രീ അയ്യരുടെ തബല വാദനം നടക്കും. നവതിയുടെ നിറവിൽ നിൽക്കുന്ന കേരളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ഡോ.ടി. പത്മനാഭന് കഥകളുടെ സുൽത്താൻ ആയ ബഷീറിന്റെ പേരിലുള്ള അവാർഡ് മലയാളക്കര നൽകുന്ന മഹത്തായ അംഗീകാരമാണ്. ടി. പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹരമാണ് അവാർഡിന് അർഹമായ കൃതി. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ കരുണാകരൻ രൂപ കല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ.എം. തോമസ് മാത്യു, കെ. സി നാരായണൻ, ഡോ.കെ. എസ് രവികുമാർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മറ്റി ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.പി. കെ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നാണ് അവാർഡ് നിശ്ചയിച്ചത്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ ബഷീർ ആർട്ട് ഗ്യാലറിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഫെബ്രുവരിയിൽ ആർട്ട് ഗ്യാലറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും പുതു തലമുറയ്ക്ക് ബഷീറിനെ കുടുതൽ അടുത്തറിയുന്നതിന് കഴിയുന്നതിന് ആർട്ട് ഗ്യാലറിയുടെ പ്രവർത്തനത്തിലൂടെ കഴിയുമെന്നും ട്രസ്റ്റ് ചെയർമാൻ അഡ്വ.പി. കെ ഹരികുമാറും സെക്രട്ടറി ഡോ.സി. എം കുസുമനും പറഞ്ഞു.