കോട്ടയം: വരയാടുകളുടെ പ്രജനനകാലമായി. ഇരവികുളം ദേശീയോദ്യാനം ഇന്ന് അടയ്ക്കും. പാറക്കൂട്ടങ്ങൾക്കിടയിൽ ഉണങ്ങിത്തുടങ്ങിയ പുൽ നാമ്പുകളും നീർച്ചോലയിൽ ഒഴുകിയിറങ്ങുന്ന തെളിനീരും കുടിച്ച് ഇനി അവർക്ക് ആർത്തുല്ലസിക്കാം. സ്വസ്ഥമായി കുഞ്ഞുങ്ങൾക്ക് ജന്മമേകാം. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വരയാടുകൾക്ക് സ്വൈര്യവിഹാരം നടത്താം. വംശനാശം നേരിട്ടതോടെയാണ് പ്രജനന കാലത്ത് ദേശീയോദ്യാനത്തിലേയ്ക്ക് സഞ്ചാരികളുടെ വരവ് വനംവകുപ്പ് നിയന്ത്രിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ കുടുതൽ കുഞ്ഞുങ്ങൾ ഇത്തവണ പിറക്കുമെന്നാണ് ഇരവികുളം ദേശീയോദ്യാന പാലക വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മിയുടെ പ്രതീക്ഷ. കഴിഞ്ഞവർഷം 72 കുഞ്ഞുങ്ങളാണ് പിറന്നത്. രണ്ട് വരയാടിൻ കുഞ്ഞുങ്ങളെ കഴിഞ്ഞദിവസം ദേശീയോദ്യാനത്തിലെ ടൂറിസം സോണായ രാജമലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സാധാരണ ജനുവരി അവസാനമാണ് വരയാടുകൾ പ്രസവിച്ചുതുടങ്ങുക. സുഖപ്രസവത്തിന് ശല്യമാകാതിരിക്കാനാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനം തടഞ്ഞിട്ടുള്ളത്. മാർച്ച് 21ന് ഉദ്യാനം വീണ്ടും തുറക്കും.
വരയാടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് വനംവകുപ്പ് സുരക്ഷ ശക്തമാക്കിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വരയാടുകളുള്ളത് ഇരവികുളം ഉദ്യാനത്തിലാണ്. 700ഓളം ആടുകളാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ആകെ ഉള്ളത് ആകെയുള്ളത് 1200ഓളം വരയാടുകളും. കഴിഞ്ഞവർഷം സെൻസസ് നടത്തിയിട്ടില്ല. 2017-ൽ നടത്തിയ സർവേയിൽ 1101 വരയാടുകളെയാണ് കണ്ടെത്തിയത്. 2016-ൽ 70 ഉം 2018-ൽ 69 കുഞ്ഞുങ്ങളുമാണ് പിറന്നത്.
വരയാടുകൾ ഏറെയുള്ള മീശപ്പുലിമലയിൽ 270 വരയാടുകളെ സർവേയിൽ അന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 2016-ൽ നടത്തിയ ഓൾ കേരള സർവേയിൽ ആകെ 1400 വരയാടുകളെ കണ്ടെത്തിയിരുന്നു. സൈലന്റ് വാലി, മൂന്നാർ, മറയൂർ, മാങ്കുളം, മീശപ്പുലിമല, കുണ്ടള ഭാഗങ്ങളിലും വരയാടുകൾ ഉണ്ട്.
പ്രളയം വരയാടുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ ഇരവികുളം ഉൾപ്പെടെയുള്ള മേഖലകളിൽ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇവറ്റകളെ കൊടുംവനത്തിലേക്ക് തുരത്തിയെങ്കിലും ഇപ്പോഴും കടുവയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.