കോട്ടയം: ചൂട് കൂടി കാടുകരിഞ്ഞു തുടങ്ങിയതോടെ ജില്ലയിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ഉള്ളിൽ തീയാണ്. കൊടുംവേനലിലുണ്ടാകാറുള്ള 'കാട്ടുതീ' ഭീഷണി നേരിടാൻ വനംവകുപ്പ് സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ഫയർ റെസ്‌പോണ്ടർ വാഹനം ഇക്കുറിയും ജില്ലക്കില്ല. പാലക്കാട് അടക്കമുള്ള ജില്ലകളിൽ വാഹനം അനുവദിച്ചപ്പോൾ കോട്ടയം ഡിവിഷനെ സർക്കാർ തഴഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ റിസർവ് വനമായ പൊന്തൻപുഴയടക്കം കോട്ടയം ഫോറസ്റ്റ് ഡിവിഷന് കീഴിലായിട്ടും അവഗണന തുടരുന്നതിൽ പ്രതിഷേധവും ശക്തമാണ്.

തീപിടിത്തമുണ്ടായാൽ കാട്ടിലും മേട്ടിലും അതിവേഗം പായുന്ന വാഹനം. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനത്തിലെ പമ്പുകളിലൂടെ ജലത്തെ ചെറു കണികകളാക്കി 100 മീറ്റർ ദൂരത്തേയ്ക്ക് വരെ എത്തിക്കാം. വെള്ളം ശേഖരിച്ചും വയ്ക്കാം.

ഫയർ റെസ്‌പോണ്ടർ ലഭിച്ചാൽ

 കൂപ്പു റോഡുകളിലൂടെയും കാട്ടുവഴികളിലൂടെയും അനായാസം സഞ്ചരിച്ച് തീ അണയ്ക്കാം

 450 ലിറ്റർ വെള്ളം വരെ വാഹനത്തിൽ ശേഖരിക്കാം, ജലലഭ്യത ഇല്ലാത്തിടത്തും തീയണയ്ക്കാം

 ജലാശയത്തിൽനിന്ന് 100 മീറ്റർ വരെ ദൂരത്തേയ്ക്കു നേരിട്ടു വെള്ളം പമ്പു ചെയ്യാം.

 തീയ്ക്കുള്ളിലേയ്ക്ക് കടന്നു ചെല്ലാനാവുന്ന നാലു ഫയർ സ്യൂട്ടുകളും വാഹനത്തിലുണ്ട്.

 മരം വീണു കാട്ടുപാതകളിലുണ്ടാവുന്ന തടസം പരിഹരിക്കാൻ ആധുനിക ഉപകരണങ്ങൾ

 മനുഷ്യവാസ സ്ഥലങ്ങളിൽനിന്ന് വന്യജീവികളെ കാട്ടിലേക്ക് കയറ്റാനുള്ള സംവിധാനങ്ങൾ

കഴിഞ്ഞ തവണ

തീയിൽ അമർന്നത്

30 ഹെക്ടർ

ബദലുമായി വനംവകുപ്പ്

കാട്ടുതീ തടയാനുള്ള ബദൽ മാർഗങ്ങൾ ഒരുക്കുന്നുണ്ട്. ഫയർ ഗാംഗ് എന്ന പേരിൽ ഒരു കൂട്ടം വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്ത സാദ്ധ്യത ഒഴിവാക്കുകയാണ് ചുമതല. ഫയർ ലൈൻ തെളിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. കരിയിലകൾ കത്തിച്ച് മാറ്റി ഫയർ ബ്രേക്കറുകളും ഒരുക്കുന്നുണ്ട്. സ്ഥിരമായി തീപിടിക്കുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. വനാതിർത്തിയിൽ താമസിക്കുന്നവർക്ക് ബോധവത്കരണ ക്ളാസുകൾ നൽകുന്നുണ്ട്''

- ഡി.എഫ്.ഒ,​ കോട്ടയം