ചങ്ങനാശേരി: കറുകച്ചാൽ സാമൂഹികാരോഗ്യത്തിലെ കുടിവെള്ള ദൗർലഭ്യം കിടപ്പുരോഗികളെയടക്കം ദുരിതത്തിലാക്കുന്നു. ദിനംപ്രതി നൂറ് കണക്കിനു സാധാരണക്കാരായ രോഗികളെത്തുന്ന ഇവിടെ എല്ലാ വർഷവും നവംബർ മുതൽ ഏപ്രിൽ വരെ കുടിവെള്ളദൗർലഭ്യം രൂക്ഷമായതിനാൽ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. ആശുപത്രി വളപ്പിലുള്ള കിണർ വേനലിനു മുമ്പേ വറ്റിവരളുന്നതിനാൽ ഇതിന് പരിഹാരമായി ഇവിടെ രണ്ട് കുഴൽക്കിണറുകൾ നിർമ്മിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. അതുകൊണ്ട്, പ്രതിമാസം കുടിവെള്ളത്തിനായി പതിനായിരങ്ങൾ മുടക്കേണ്ട സ്ഥിതിയാണ് ഇവിടെ. ജലക്ഷാമം പരിഹരിക്കാനായി പതിറ്റാണ്ടുകൾക്ക് മുൻപ് കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും ഇത് മുടങ്ങി. ഇതിനായി സ്ഥാപിച്ച 25,000 ലിറ്റർ ശേഷിയുള്ള സംഭരണിയും ഇപ്പോൾ നശിക്കുകയാണ്. പദ്ധതി പുനരാരംഭിക്കാനും സാധിച്ചില്ല. പൈപ്പുവെള്ളം സംഭരിക്കാനായി മറ്റൊരു സംഭരണിയുണ്ടെങ്കിലും ജലവിതരണ വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ പതിവായി വെള്ളം കിട്ടാറില്ല. വെള്ളം പമ്പുചെയ്ത് ടാങ്കിൽ എത്തിക്കാൻ മാർഗവുമില്ല.
കുഴൽക്കിണറും രക്ഷിച്ചില്ല
ആശുപത്രി വളപ്പിൽ ആദ്യം നിർമ്മിച്ച കുഴൽക്കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ രണ്ടാമതൊരെണ്ണം കൂടി നിർമ്മിച്ചു. ഇതും പ്രയോജനപ്പെട്ടില്ല. കുന്നിൻമുകളിലായതിനാൽ പുതിയ കിണറ്റിലും വെള്ളം കുറവാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.