manoop

കോട്ടയം: ഒ.എൽ.എക്‌സ് വഴി ഫോൺ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്‌ത് മൊബൈൽ ഫോൺ കടയുടമയുടെ 76000 രൂപ തട്ടിയെടുത്ത പൊന്നാനി മാറൻചേരി പുറംഭാഗം പന്തായിൽ മനൂപിനെ (28) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തു. ബേക്കർ ജംഗ്ഷനിലെ മൊബൈൽ ഫോൺ കടയുടമയായ റിഫാജിനെയാണ് ഇയാൾ പറ്റിച്ചത്.
ഒ.എൽ.എക്‌സിലെ പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ട മനൂപ് തന്റെ കൈയിൽ ഐഫോൺ 11 പ്രോ സെക്കൻഡ് ഹാൻഡ് മൊബൈലുണ്ടെന്നും വിൽക്കാൻ താൽപര്യമുണ്ടെന്നും റിഫാജിനെ അറിയിച്ചു. ഇത് പ്രകാരം വിലയായ 76000 രൂപ മനൂപ് നിർദേശിച്ച അക്കൗണ്ടിലേയ്ക്ക് റിഫാജ് ഇട്ടു കൊടുത്തു. എന്നാൽ പണം പിൻവലിച്ച മനൂപ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതി ലഭിച്ചതോടെ തിരുവനന്തപുരത്തുള്ള ഫോൺ ഫോർ എന്ന ഷോപ്പിൽ ബാങ്ക് കാർഡ് ഉപയോഗിച്ച് മനൂപ് മറ്റൊരു ഫോൺ വാങ്ങിയതായി പൊലീസ് കണ്ടെത്തുകയും ഇതു പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.