പാലാ : മഹാത്മാഗാന്ധി മെമ്മോറിയൽ പാലാ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ മുകൾ നിലയിലെ വാർക്കയിലുണ്ടായ ചോർച്ചയെപ്പറ്റി വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്ത തീരുമാനത്തിന്മേൽ അടയിരുന്ന് നഗരസഭ. കൗൺസിൽ തീരുമാനം നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയ പ്രതിപക്ഷാംഗങ്ങൾ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ ഭരണനേതൃത്വത്തിന്റെ അലംഭാവം അക്കമിട്ട് നിരത്തി. മുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ക്ലാസുകളുടെ മേൽക്കൂരയിലെ ചോർച്ച കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബി.ജെ.പി. അംഗം അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ഉന്നയിച്ചത്.

വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതിപക്ഷാംഗങ്ങളായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പിള്ളിൽ, ജിജി ജോണി എന്നിവരും സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു. മുഴുവൻ കൗൺസിലർമാരുടെയും പിന്തുണയോടെ അന്വേഷണത്തിന് ശുപാർശ ചെയ്യാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഇതേപ്പറ്റി വാർത്ത വന്നതോടെ ബന്ധപ്പെട്ട കരാറുകാരും, എൻജിനിയർമാരും കൗൺസിലർമാരെ വീടുകളിൽ പോയി കണ്ടതായി അഡ്വ. ബിനു പുളിക്കക്കണ്ടം ആരോപിച്ചു.

വിഷയത്തിൽ വിജിലൻസിന് കത്തയക്കാത്തതെന്തെന്ന പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് ഫാൻ ഇടാൻ സ്ഥാപിച്ച തുളയിൽക്കൂടി വെള്ളമിറങ്ങിയതാണെന്നും ഇത് പരിഹരിക്കുമെന്നുമായിരുന്നു ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ മറുപടി. ഈ വാദത്തിൽ കഴമ്പില്ലെന്നും വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ഉറച്ചുനിന്നു. ഇതോടെ നാളെത്തന്നെ വിജിലൻസിന് കത്തയക്കാൻ ചെയർപേഴ്‌സൺ മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഇറങ്ങിപ്പോക്ക്
കഴിഞ്ഞ കൗൺസിലിൽ വിജിലൻസ് അന്വേഷണത്തിന് വാദിച്ച ചില കൗൺസിലർമാർ നിശബ്ദരായിരുന്നപ്പോൾ ചിലർ തൊടുന്യായം പറഞ്ഞ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.