വൈക്കം : ഗുരുവായൂർ ദേവസ്വം ബോർഡംഗമായി കെ.അജിത്ത് 25ന് ചുമതലയേൽക്കും.

വൈക്കം നിയോജകമണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണ നിയമസഭയിൽ പ്രതിനിധീകരിച്ച അജിത്ത് സി.പി.ഐ നേതാവും ദീർഘകാലം വൈക്കം എം.എൽ.എ യുമായിരുന്ന എം.കെ. കേശവന്റെ മകനാണ്. നിലവിൽ സി.പി.ഐ വൈക്കം മണ്ഡലം അസി.സെക്രട്ടറി, കോട്ടയം ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.

കെ.എസ്.ഇ.ബി ജീവനക്കാരിയായ സിന്ധുവാണ് ഭാര്യ. മക്കൾ : നിരഞ്ജന, ഋഷികേശ്

ദേവസ്വം ബോർഡുകൾക്ക് ക്ഷേത്രങ്ങളിലൂടെ തന്നെ സാധാരണക്കാരന്റെ സാമൂഹ്യജീവിതത്തിൽ പല ഇടപെടലുകളും നടത്താനാവുമെന്ന് അജിത്ത് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ബോർഡ് പുറത്തുള്ള ചെറുക്ഷേത്രങ്ങൾക്ക് സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് നാട്ടിൻപുറങ്ങളിലെ കാവുകളുടെ സംരക്ഷണത്തിനായി എന്തു ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.