കോട്ടയം: കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വീട്ടിലേയ്‌ക്ക് ഇടിച്ചു കയറി സംഘാംഗമായ ദോദ്ദ മനും അപ്പ (75) മരിച്ചു. ഇന്നലെ പുലർച്ചെ നാലു മണിയോടെ എരുമേലി മുട്ടപ്പള്ളിയിലാണ് അപകടമുണ്ടായത്. കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ മലമ്പാറയ്ക്കൽ എം.എം തമ്പിയുടെ വീട്ടിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്.

അപകടത്തിൽ വീടിന്റെ സിറ്റൗട്ടും മുറിയും അടക്കം തകർന്നു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. എരുമേലി പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.