ഈരാറ്റുപേട്ട : നിരവധി അപകടങ്ങൾ പതിവാകുകയും പത്ത് വർഷത്തിനിടെ അഞ്ചോളം ജീവനുകൾ പൊലിയുകയും ചെയ്ത ഈരാറുപേട്ട - പൂഞ്ഞാർ റോഡിലെ മറ്റയ്ക്കാട് കൊടുംവളവിലെ വില്ലൻ അലൈൻമെന്റിലെ അപാകതയെന്ന് ആക്ഷേപം. പുതിയ ഫയർസ്റ്റേഷൻ കെട്ടിടം പണിയുന്നതിനായി പ്രാരംഭ നടപടികൾ ഇവിടെ ആരംഭിച്ചിരുന്നു. വാഹനങ്ങൾ തെന്നി ടാറിംഗ് റോഡിന് പുറത്തേക്ക് മാറുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ എം.ഇ.എസ് ഭാഗം വരെ അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് നടത്തിയെങ്കിലും അലൈൻമെന്റ് മാറ്റാൻ നടപടികളുണ്ടായില്ല. ടാറിംഗ് പൂർത്തിയാകുന്നതിന് മുൻപ് വാട്ടർ അതോറിറ്റിയുടെ ലോറി ട്രാക്ക് തെറ്റി പോസ്റ്റുകൾ തകർത്ത് തൊട്ടടുത്തുള്ള പുരയിടത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നിരുന്നു. മഴക്കാലത്തിന് മുൻപ് വീതി കൂട്ടി ടാർ ചെയ്തില്ലെങ്കിൽ അപകടങ്ങൾ കൂടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.