സർവകക്ഷി യോഗം വിളിക്കാൻ തീരുമാനം


പാലാ : നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പൊടിക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് കാനാട്ടുപാറ വാർഡിലെ പഴയ ഡമ്പിംഗ് ഗ്രൗണ്ടിൽ സ്ഥാപിക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്. യൂണിറ്റ് ഡമ്പിംഗ് ഗ്രൗണ്ടിൽ സ്ഥാപിക്കാൻ വന്നാൽ ശക്തമായി ചെറുക്കുമെന്ന് വാർഡ് കൗൺസിലർ കൂടിയായ പ്രതിപക്ഷാംഗം ജിജി ജോണി പറഞ്ഞു. മറ്റ് 25 വാർഡുകൾ വേറെ ഉള്ളപ്പോൾ മാലിന്യം തള്ളാൻ മാത്രം തന്റെ വാർഡിലേക്ക് ആരും പോരേണ്ടെന്ന് അദ്ദേഹം കൗൺസിൽ യോഗത്തിൽ തുറന്നടിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും വിളിച്ചു കൂട്ടി ചർച്ച നടത്തിയിട്ടു വേണം യൂണിറ്റ് സ്ഥാപിക്കാവൂ എന്ന് പ്രതിപക്ഷത്തെ പ്രസാദ് പെരുമ്പള്ളിൽ, റോയി ഫ്രാൻസീസ്, ബി.ജെ.പി. യിലെ അഡ്വ. ബിനു പുളിക്കക്കണ്ടം, മാണി ഗ്രൂപ്പിലെ പി.കെ. മധു, ലീനാ സണ്ണി, ജോർജ് കുട്ടി ചെറുവള്ളി എന്നിവർ പറഞ്ഞു. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്ന് ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ യോഗം വിളിക്കാനാണ് തീരുമാനം.

കഴിഞ്ഞ 40 വർഷമായി പാലാ നഗരത്തിന്റെ മൊത്തം വിഴുപ്പും കാനാട്ടുപാറക്കാർ സഹിക്കുന്നതാണ്. ഇനിയത് നടക്കില്ല. കാനാട്ടുപാറയിൽത്തന്നെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കണമെന്ന ദു:ശാഠ്യമെന്താണ്

ജിജി ജോണി,കൗൺസിലർ