waiting-shed

അടിമാലി: വാഹനം പാർക്ക്ചെയ്യാൻ എവിടെ സ്ഥലമുണ്ടെങ്കിലും അതൊക്കെ വേണ്ടാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുൻപിൽത്തന്നെ പാർക്ക് ചെയ്തേ തീരൂ എന്ന് ചിലർക്ക് നിർബന്ധമാണ്. അടിമാലി പഞ്ചായത്ത് ഓഫിസിനു മുൻപിലെ അനധികൃത പാർക്കിംഗാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്.
അടിമാലി തേനി ദേശിയ പാതയിൽ പഞ്ചായത്ത് ഓഫീസിനു മുൻപിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിൽ രാവിലെ മുതൽ നാലും അഞ്ചു കാറുകൾ പാർക്ക് ചെയ്യുന്നു. ഇവ പിന്നീട് ഇവിടെ നിന്ന് മാറ്റുന്നത് വൈകിട്ട് 7 മണിക്ക് ശേഷമാണ്. ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേയ്ക്ക് യാത്രക്കാർക്ക് കയറാൻ പോലും പറ്റാത്ത രീതിയിലാണ് കാറുകളുടെ പാർക്കിഗ്.ഇത് ചില അവസരത്തിൽ പഞ്ചായത്ത് ഓഫീസ് മുന്നിലേയ്ക്ക് വരെ നീളാറുണ്ട്. ബസ് നിർത്തി യാത്രക്കാരെ കയറ്റാനുള്ള സ്ഥലപരിമിതി മൂലം കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ചിലപ്പോൾ ബസ് നിറുത്താറില്ല. യാത്രക്കാർക്ക് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതാവുകയാണ്. ഈ ഭാഗം ഏറ്റവും ജന ത്തിരക്ക് കുടിയ സ്ഥലമാണ്. പഞ്ചായത്ത്. പൊലീസ് സ്റ്റേഷൻ, ബാങ്കുകൾ, ആർ.ടി.ഒ. ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുർഗതി. പഞ്ചായത്തോ പൊലീസ് അധികാരികളോ ഈ അനധികൃത പാർക്കിംഗിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
അടിമാലി ടൗണിലെ ട്രാഫിക് ബ്ലോക്കിനും അനധികൃത പാർക്കിംഗിനു ഉടൻ പരിഹാരം എന്നു പറഞ്ഞ് ആറുമാസം മുൻപ് ട്രാഫിക് അഡ് വൈസറി കമ്മിറ്റി കൂടി എടുത്ത തീരുമാനങ്ങൾ പഞ്ചായത്ത് നാളിതുവരെ നടപ്പാക്കിയിട്ടില്ല.