കോട്ടയം: മണർകാട് പള്ളിയ്‌ക്കു മുന്നിൽ സ്വകാര്യ ബസ് ഇടിച്ച് വൃദ്ധ മരിച്ചത് റോഡിനു കുറുകെ കടക്കുമ്പോഴെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ശേഖരിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങളിലാണ് മരണകാരണം സംബന്ധിച്ച ഈ വിവരമുള്ളത്. മണർകാട് ഇല്ലിവളവ് പോത്താനിക്കലായ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് (85) ശനിയാഴ്‌ച അപകടത്തിൽ പെട്ടത്. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവർ ഇന്നലെ മരിച്ചു.
സ്വകാര്യ ബസിൽ കയറുന്നതിനിടെ ഫുട്‌ബോർഡിൽ നിന്നു വീണ് പരിക്കേറ്റ ഇവരുടെ കാലിലൂടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്നാണ് നേരത്തെ ചില പത്രങ്ങൾ പ്രചരിപ്പിച്ചത്. വിവാഹ ചടങ്ങുകഴിഞ്ഞ് പള്ളിയിൽ നിന്ന് പുറത്തേയ്‌ക്കു വന്ന അന്നമ്മ, ബസിന്റെ മുന്നിലൂടെയാണ് റോഡിനു കുറുകെ കടന്നത്. ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന ബസിനു മുന്നിലെ ബ്ലൈന്റഡ് സ്‌പോട്ടിലൂടെയാണ് ഇവർ റോഡ് മുറിച്ച് കടന്നതെന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ടോജോ എം.തോമസ് പറഞ്ഞു. ഇത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ബസ് തട്ടി റോഡിൽ വീണ അന്നമ്മയുടെ കാലിലൂടെ ആദ്യം മുൻ ചക്രങ്ങൾ കയറിയിറങ്ങി. ഉരുണ്ട് മാറിയെങ്കിലും, പിൻ ചക്രങ്ങൾ കൂടി കയറിയിറങ്ങിയാണ് ബസ് നിന്നത്.
പള്ളിയിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പ് സി.സി.ടി.വി കാമറാ ദൃശ്യങ്ങൾ ശേഖരിച്ചത്.