വൈക്കം: നൂറ്റാണ്ടുകളായി തീരദേശത്ത് താമസിച്ചു വരുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലും വീടും സ്ഥലവും സംരക്ഷിക്കുന്നതിന് തീരദേശ നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ പറഞ്ഞു. തീരദേശ നിയമത്തിൽ ഭേദഗതി വരുത്തി മത്സ്യത്തൊഴിലാളികളുടെ വീടും സ്ഥലവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ധീവരസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങൾക്കും നൽകുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി നടപടി സ്വീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. രാജു, കെ. വി. മനോഹരൻ, കെ. കെ. അശോക് കുമാർ, കെ. എസ്സ്. കുമാരൻ, സുലഭ പ്രദീപ് കുമാർ, സൗമ്യ ഷിബു, വി. എം. ഷാജി, ഭൈമി വിജയൻ എന്നിവർ പ്രസംഗിച്ചു.