എരുമേലി : വീട്ടുപടിക്കലെത്തിയ ജില്ലാ കളക്ടർക്ക് മുന്നിൽ അവർ മനസു തുറന്നു. നല്ലൊരു വീട്, കുടിവെള്ളം, റേഷൻ കാർഡ് ഇങ്ങനെ പോയി ആവശ്യങ്ങളുടെ നിര. ഇവയിൽ പലതിനും പരിഹാരത്തിനുള്ള വഴിതുറന്ന് ഒപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ച് മടങ്ങിയ കളക്ടർ സുധീർബാബുവിനെ മനംനിറഞ്ഞാണ് അവർ യാത്രയാക്കിയത്.
'ഊരിനൊപ്പം" എന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള സന്ദർശനത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും സന്നിഹിതരായി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്‌പെഷ്യാലിറ്റികൾ ഉൾപ്പെടെ വിപുലമായ മെഡിക്കൽ ക്യാമ്പിൽ മൂന്നൂറോളം പേർക്ക് സേവനം ലഭ്യമാക്കി. എക്‌സൈസ് വകുപ്പ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അനീഷ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. അജേഷ്, പഞ്ചായത്തംഗങ്ങളായ ഇ.കെ. സുബ്രഹ്മണ്യൻ, ജെസ്‌ന നജീബ്, രജനി ചന്ദ്രശേഖരൻ, ഐ.ടി.ഡിപി പ്രോജക്ട് ഓഫീസർ സി. വിനോദ് കുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ എസ്. വിധുമോൾ, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. നിസാർ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ളക്ഷാമം
കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 11.87 ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. മാർച്ച് 31 നുള്ളിൽ പദ്ധതി നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
റോഡ്, വെളിച്ചം, വീട്
റോഡ് സൗകര്യം മെച്ചപ്പെടുത്തുന്നതിനും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കും. മേഖലയിലെ ഏഴു കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
കമ്യൂണിറ്റിഹാൾ നവീകരണത്തിന് മൂന്നരലക്ഷം
9 പേർക്ക് പുതിയ ആധാർ കാർഡുകൾ നൽകി
8 പേർക്ക് തൊഴിലുറപ്പ് കാർഡ്
22 പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
7 പേർക്ക് റേഷൻ കാർഡ്
3 വരുമാന സർട്ടിഫിക്കറ്റും 4 ജാതി സർട്ടിഫിക്കറ്റും