കൊടുങ്ങൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലുണ്ടായ സംഘർഷത്തിൽ നാലു വിദ്യാർത്ഥികൾക്ക് പരിക്ക്. തുടർച്ചയായി മൂന്നാം ദിവസമാണ് കോളേജിൽ സംഘർഷമുണ്ടാകുന്നത്.
എസ്.എഫ്.ഐ. പ്രവർത്തകരായ ശ്യാം മാത്യു (23), അഭിൻ മാത്യു (22), കെ.എസ്.അരവിന്ദ് (22). എ.ബി.വി.പി.പ്രവർത്തകനായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അഭിനവ് (19) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ശ്യാമിനെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് എസ്.എഫ്.ഐ.പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും അഭിനവിനെ പൊൻകുന്നത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച എസ്.എഫ്.ഐ എ.ബി.വി.പി.പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പുറത്തു നിന്നു വന്ന ആർ.എസ്.എസ്. പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ എ.ബി.വി.പി. യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുത്തവരെ എസ്.എഫ്.ഐ. പ്രവർത്തകർ അസഭ്യം പറഞ്ഞുവെന്നും, ഇതിന്റ തുടർച്ചയായാണ് എസ്.എഫ്.ഐ.ആക്രമണം നടത്തിയതെന്നും എ.ബി.വി.പി.പ്രവർത്തകർ പറഞ്ഞു. സംഘർഷ സാദ്ധ്യതയുള്ളതിനാൽ രണ്ടുദിവസമായി കോളേജിന് സമീപം പൊലീസ് കാവലുണ്ടായിരുന്നു. കൂടുതൽ പ്രവർത്തകർ ഉണ്ടായതിനാൽ പൊലീസിന് സംഘർഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് കോളേജിന് രണ്ടു ദിവസം പ്രിൻസിപ്പൽ അവധി പ്രഖ്യാപിച്ചു.