കറുകച്ചാൽ : വഴിയിൽ വെളിച്ചമില്ലെന്ന് നാട്ടുകാർ മുറവിളികൂട്ടുമ്പോൾ പഞ്ചായത്തുകൾക്ക് വെറുതെയങ്ങ് കേട്ടിരിക്കാൻ പറ്റുമോ?​ പറ്റില്ലെന്ന് മാത്രമല്ല,​ വൈദ്യുതീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി ബഡ്‌ജറ്റിൽ ലക്ഷങ്ങൾ വകയിരുത്തുകയും ചെയ്യും. പക്ഷെ അതുകൊണ്ട് പ്രയോജനമുണ്ടോ എന്നു ചോദിച്ചാൽ വേണ്ടപോലെ ഇല്ലെന്നാണ് ഉത്തരം.

വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പഞ്ചായത്തുകൾ ഓരോ വർഷവും ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. എന്നാൽ, അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമാകുന്നതോടെ പഞ്ചായത്തിന് വന്നുചേരുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ്. അമിതമായി വൈദ്യുതി പ്രവഹിക്കുന്നതിലൂടെയും മിന്നലേറ്റുമാണ് ഭൂരിഭാഗം വിളക്കുകളും നശിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് അറ്റകുറ്റപ്പണിക്കായി പഞ്ചായത്തുകൾ ചെലവിടുന്നത്.

എന്നാൽ, വഴിവിളക്കുകൾക്ക് എർത്തിംഗ് സംവിധാനം കൂടി ഘടിപ്പിച്ചാൽ ആയുസ് വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാനായി എൽ.ഇ.ഡി വിളക്കുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2000 മുതൽ 2500 രൂപ വരെയാണ് വിളക്കുകളുടെ വില. ഇതിനു പുറമെ ഇത് ഘടിപ്പിക്കുന്നതിന് മുന്നൂറ് മുതൽ അഞ്ചൂറ് രൂപ വരെ ചെലവുണ്ട്. ചുരുക്കത്തിൽ, ഒരു വിളക്കിന് മൂവായിരം രൂപയോളം ഓരോ പഞ്ചായത്തും ചെലവഴിക്കുന്നത്. ഒരു വർഷത്തെ കാലാവധിയാണ് വിളക്കുകൾക്ക് കമ്പനി നൽകുന്ന വാറണ്ടി. എന്നാൽ ഘടിപ്പിച്ച് രണ്ടോ മൂന്നോ മാസത്തിനുളളിൾ 80 ശതമാനത്തോളം വിളക്കുകളും പണിമുടക്കുകയാണ് പതിവ്. പിന്നീട് ഇവ പുനസ്ഥാപിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്.

പാഴാകുന്നത്

ലക്ഷങ്ങൾ

കറുകച്ചാൽ ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ വർഷം അഞ്ചുലക്ഷം രൂപയാണ് വഴിവിളക്കുകൾക്കായി മുടക്കിയത്. മൂന്നു മാസത്തിനുള്ളിൽ 80 ശതമാനത്തോളം വിളക്കുകളും പ്രവർത്തനരഹിതമായി. നെടുംകുന്നം പഞ്ചായത്ത് രണ്ടരലക്ഷം രൂപയും കങ്ങഴ പഞ്ചായത്ത് അഞ്ചുലക്ഷം രൂപയുമാണ് വഴിവിളക്കിനായി മുടക്കിയത്. വരും വർഷത്തിൽ വഴിവിളക്ക് സ്ഥാപിക്കാനായി 15 ലക്ഷം രൂപയാണ് കങ്ങഴ പഞ്ചായത്ത് നീക്കിവച്ചിരിക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം ഓരോ വാർഷിക പദ്ധതിയിലും ലക്ഷങ്ങൾ ഉൾപ്പെടുത്തി വിളക്കുകൾ സ്ഥാപിക്കാറുണ്ടെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഇവ മിഴിപൂട്ടുകയാണ് പതിവ്.

ഹൈമാസ്റ്റ് വിളക്കുകൾ ബാധ്യതയായി മാറുന്നു എന്നതാണ് മറ്റൊരു തലവേദന. എം.എൽ.എ, എം.പി.ഫണ്ടുകൾ ഉപയോഗിച്ച് ഓരോ വർഷവും നിരവധി ഹൈമാസ്റ് വിളക്കുകളാണ് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്നത്. ഇത് വളരെ പെട്ടെന്ന് തകരാറിലാകുന്നുണ്ട്. വിളക്കുകളുടെ വാറണ്ടി കാലാവധി കഴിഞ്ഞാൽ ഇവയുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾ പതിനായിരങ്ങൾ മുടക്കുകയും വേണം. ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ പലപ്പോഴും പഞ്ചായത്തുകൾക്ക് കഴിയാറില്ല. അങ്ങനെ ഹൈമാസ്റ്റുകൾ നോക്കുകുത്തിയായി മാറുകയും ചെയ്യും.