കോട്ടയം: കേരള തീരത്ത് മത്സ്യസമ്പത്ത് കുറഞ്ഞതോടെ മീൻ വില വാണം പോലെ കുത്തിച്ചുയർന്നു. വ്യാപാരികളാകട്ടെ, തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മത്സ്യം ഇറക്കി കേരളത്തിലെ തീൻമേശകൾ സമ്പന്നമാക്കി. ഒരു കിലോ മത്തി വേണമെങ്കിൽ 200 രൂപ കൊടുക്കണമെന്നായി. ഇതോടെ ചെറിയ മത്തി പോലും സാധാരണക്കാരന് അപ്രാപ്യമായി. മത്സ്യത്തിന്റെ ലഭ്യതക്കുറവും ക്രിസ്മസിന് ശേഷം മത്സ്യതൊഴിലാളികൾ സജീവമായി കടലിൽ പോകാത്തതുമാണ് വില വർദ്ധനയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. നൂറിൽ താഴെയുണ്ടായിരുന്ന ചെറുമത്സ്യങ്ങൾക്ക് ഇപ്പോൾ കിലോക്ക് 200 രൂപയിലധികമായി. വലിയ കിളിമീൻ കിട്ടാനില്ല. ചെറിയ കിളിമീനിന് 190 രൂപയാണ് ഇന്നലെത്തെ വില. ഒരു കിലോ അയലയ്ക്ക് രൂപ 240 കൊടുക്കണം. കേരയുടെയും തളയ്ക്കും 360 രൂപ. വറ്റയ്ക്ക് 450 രൂപ. കഴിഞ്ഞയാഴ്ചയിൽ ഇത് 225 രൂപയായിരുന്നു. കടൽമീനിന്റെ ലഭ്യത കുറഞ്ഞതോടെ കായൽ മീനുകൾക്കും വില കൂടി. ഇടത്തരം കരിമീനിന് 350 രൂപയാണ് വില. വലിയ കരിമീൻ കിട്ടണമെങ്കിൽ 450 കൊടുക്കണം. മുരശിനും വില കൂടി. കിലോയ്ക്ക് 220 രൂപയാണ് വില.
പച്ചക്കറിക്കും രക്ഷയില്ല
പച്ചക്കറിക്കും ഓരോ ദിവസവും വില ഉയർന്നുകൊണ്ടിരിക്കയാണ്. വില വർദ്ധന കിലോയ്ക്ക് പത്തു മുതൽ 30 രൂപ വരെയാണ്. പച്ചമാങ്ങയ്ക്ക് 120 മുതൽ 150 രൂപ വരെയാണ് പുതിയ വില. മുരിങ്ങയ്ക്കാവട്ടെ 170 രൂപ. കോവയ്ക്ക് പത്തു രൂപ കൂടി 50 രൂപയായിലെത്തി. കാരറ്റിന് 60 രൂപയാണ് വില. ഇഞ്ചിക്ക് 95ൽ നിന്ന് 100 രൂപയായി. കാബേജ് 40, ബീൻസ് 70, വള്ളിപ്പയർ 60, തക്കാളി 30, വഴുതനങ്ങ 80, വെണ്ടയ്ക്ക 40, പാവയ്ക്ക 60, മത്തങ്ങ 30 എന്നിങ്ങനെയാണ് മാർക്കറ്റിലെ ഇന്നലെത്തെ വില.
ചുവന്നുളളിക്കും കൂടി പത്തുരൂപ 60 രൂപയായി. എന്നാൽ സവാളയ്ക്ക് വില കുറഞ്ഞു. ഇന്നലെത്തെ വില കിലോക്ക് 60 രൂപയാണ്.
വേനൽ കടുത്തതോടെയാണ് പച്ചക്കറി വില ഉയർന്നത്. കേരളത്തിൽ പച്ചക്കറി കൂടുതലായി വരുന്ന തമിഴ്നാട്ടിലും വേനൽ രൂക്ഷമായിരിക്കുകയാണ്. ഒൻപതും പത്തും ലോഡ് പച്ചക്കറിയാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിദിനം കോട്ടയം മാർക്കറ്റിൽ എത്തിയിരുന്നതെങ്കിൽ ഇന്നലെ എത്തിയത് നാല് ലോഡ് മാത്രമാണ്. അതിൽ ഏറെയും വാഴക്കുലയായിരുന്നു.
മുകളിൽ കയറിയ കോഴി താഴേയ്ക്കില്ല
ക്രിസ്മസിന് ഉയരത്തിലേയ്ക്ക് കയറിപ്പോയ കോഴിയിറച്ചിയുടെ വില ഇപ്പോഴും അവിടത്തന്നെ തുടരുകയാണ്. ഒരു കിലോ കോഴിയിറച്ചിയുടെ ഇന്നലത്തെ വില 115 രൂപയാണ്.
തമിഴ്നാട്ടിൽ ചൂടു കൂടിയതോടെ കോഴിയുടെ ഉല്പാദനം വളരെ കുറഞ്ഞു. ഇത് കേരളത്തിൽ ചിക്കന് വില താഴാതിരിക്കാൻ കാരണമായി. ചൂടുകൂടുമ്പോൾ കോഴി ചത്തൊടുങ്ങുന്നത് പതിവാണ്. അതുകൊണ്ടാണ് കോഴി വളർത്തുന്നത് തമിഴ്നാട്ടുകാർ കുറച്ചത്. ഇനി വേനൽ കഴിഞ്ഞിട്ടേ കോഴിയെ വളർത്തുന്നുള്ളുവെന്നാണ് ഒരു കേരളത്തിലെ കർഷകൻ പറഞ്ഞത്. കൂടാതെ കല്യാണസീസൺ ആയതിനാൽ ചിക്കന് ആവശ്യക്കാർ ഏറെയാണ്. ഇതും വില കുറയാതിരിക്കാൻ കാരണമായി.
ചുരുക്കിപ്പറഞ്ഞാൽ അവശ്യസാധനങ്ങളുടെ വില വർദ്ധനയിൽ തളരുകയാണ് കേരളം.