കോട്ടയം: ആറു വർഷത്തിന് ശേഷം ഇറങ്ങിയ എൽ.പി, യു.പി സ്‌കൂൾ അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനത്തിൽ ടെറ്റ് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) നിർബന്ധമാക്കിയത് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വലയ്ക്കുന്നു. ബി.എഡിനും ടി.ടി.സിക്കും പുറമെ കെ.ടെറ്റ്, സി.ടെറ്റ് തുടങ്ങിയ അധിക യോഗ്യതയുള്ളവർക്ക് മാത്രമേ വിജ്ഞാപനം അനുസരിച്ച് അപേക്ഷിക്കാനാവൂ. ഫെബ്രുവരി 5നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അടുത്ത വിജ്ഞാപനം ഇറങ്ങാൻ ഇനി വർഷങ്ങൾ എടുക്കും. അപ്പോഴേക്കും കുറെ പേർക്ക് പ്രായപരിധി കഴിയും.

 ഇങ്ങനെയാക്കിയാൽ ഗുണം

നിയമന സമയത്ത് മാത്രം അധിക യോഗ്യത നേടിയാൽ മതിയെന്ന് ചട്ടത്തിൽ ഇളവ് വരുത്തിയാൽ കൂടുതൽ പേർക്ക് പരീക്ഷ എഴുതാം. ഒരു വർഷത്തിൽ മൂന്നോ നാലോ കെ. ടെറ്റ് പരീക്ഷകൾ നടക്കുന്നുണ്ട്. അതുകൊണ്ട് നിയമനത്തിന് മുന്നേ യോഗ്യത നേടാൻ കഴിയും. ഇതിന് അധികൃതർ തയാറാകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ

കഴിഞ്ഞ നവംബറിലാണ് ഒടുവിൽ കെ. ടെറ്റ് പരീക്ഷ നടന്നത്. 4 വിഭാഗത്തിലായി ജില്ലയിൽ 887 പേർ ജില്ലയിൽ പരീക്ഷ എഴുതി. ഇതിൽ 103 പേരേ ജയിച്ചുള്ളൂ.

'' നിലവിൽ ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് അത് നേടാൻ അടുത്ത അദ്ധ്യായന വർഷത്തിന്റെ തുടക്കം വരെ സമയമുണ്ട്. ഈ മാതൃകയിൽ യോഗ്യതയില്ലാത്ത തങ്ങൾക്കും പരീക്ഷ എഴുതാൻ അവസരം ഒരുക്കണം''

കെ.എസ്. വിഷ്ണു,​ ഉദ്യോഗാർത്ഥി