കോട്ടയം: സി.എം.എസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഡിവൈ.എസ്.പി. ആർ. ശ്രീകുമാർ വിളിച്ചു ചേർത്ത അനുരഞ്ജന യോഗത്തിൽ പരിഹാരം. ഇന്ന് ക്ളാസുകൾ പുനരാരംഭിക്കും. 17ന് എസ്.എഫ്.ഐയും സംയുക്ത വിദ്യാർത്ഥി സമിതിയും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് കോളേജ് അടച്ചത്. എസ്.എഫ്.ഐക്കെതിരെ വിദ്യാർത്ഥികൾ അണിനിരന്നത് പാർട്ടിക്ക് നാണക്കേടായെന്ന വിലയിരുത്തലിനെത്തുടർന്ന് സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ടാണ് അനുരഞ്ജന ചർച്ചയ്ക്ക് കളമൊരുക്കിയത്.
വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ നാല് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ കേസ് നിലനിൽക്കും. കേസിൽ അന്വേഷണം വേഗത്തിലാക്കും. ടൂർ വിവാദത്തെത്തുടർന്ന് അച്ചടക്ക നടപടി സ്വീകരിച്ച അഞ്ചാളുകളുടെ സസ്‌പെഷൻ തുടരും. ഇവർക്കെതിരേ കോളേജ് ഡിസിപ്ലിനറി കമ്മിറ്റി നടത്തുന്ന അന്വേഷണവും തുടർ നടപടികളും വേഗത്തിലാക്കും. നടപടികൾ പൂർത്തിയാകും വരെ ഇവർ കോളേജ് കാമ്പസിൽ പ്രവേശിക്കരുതെന്നും യോഗത്തിൽ തീരുമാനമായി.
ചർച്ചയിൽ കോളേജിനെ പ്രതിനിധീകരിച്ച് വൈസ് പ്രിൻസിപ്പൽ മിനി ചാക്കോ, ബർസാർ റവ. ജേക്കബ് ജോർജ്, അച്ചടക്ക സമിതി ചെയർമാൻ ഡോ. ചാൾസ് ജോസഫ്, അനദ്ധ്യാപക പ്രതിനിധി ജോൺസൺ,​ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, സെക്രട്ടറി ദീപക്, ജോ. സെക്രട്ടറി അജയ്‌നാഥ്, കോട്ടയം ഏരിയ സെക്രട്ടറി സിനു, പ്രസിഡന്റ് പ്രണവ്,​ സംയുക്ത വിദ്യാർത്ഥി സമിതിയെ പ്രതിനിധീകരിച്ച് ജുബൈൻ തുടങ്ങിയവർ പങ്കെടുത്തു.