നെടുംകുന്നം : കേര വികസനസമിതിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ 'ശ്രേയസ് ' നാടൻ കുത്തരിയുടെ വിപണനം ആരംഭിച്ചു. 9 കർഷകർ ചേർന്ന് നെടുംകുന്നം മുളയംവേലി പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിൽ നിന്നാണ് അരി വിപണിയിലിറക്കിയത്. 15 വർഷത്തോളമായി തരിശുകിടന്ന പാടം പാട്ടമെടുത്തായിരുന്നു കൃഷി. കന്നി വിളവെടുപ്പിൽ മൂന്നര ഏക്കറിൽനിന്നു മൂന്നു ടൺ നെല്ലാണ് വിളവെടുത്തത്. കൊയ്‌തെടുത്ത നെല്ല് കോട്ടയത്തെ മില്ലിൽ എത്തിച്ചാണ് അരിയാക്കി മാറ്റിയത്. തുടർന്ന് 10 കിലോ വീതമുള്ള സഞ്ചികളിലാക്കി വിപണനത്തിന് എത്തിക്കുകയായിരുന്നു. ജില്ലാപഞ്ചായത്ത് വിത്തുകേന്ദ്രത്തിൽനിന്നു നൽകിയ ശ്രേയസ് ഇനത്തിൽപെട്ട നെല്ലാണ് കൃഷിക്ക് ഉപയോഗിച്ചത്. നെടുംകുന്നം കർഷക സംഘത്തിൽ നടത്തിയ അരിയുടെ വിപണനോദ്ഘാടനം അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ജാൻസി കെ.കോശി, എഴുത്തുകാരൻ നെടുംകുന്നം ഗോപാലകൃഷ്ണന് കൈമാറി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശൈലജകുമാരി, പഞ്ചായത്തംഗങ്ങളായ രവി സോമൻ, രാജമ്മ രവീന്ദ്രൻ, കൃഷി ഓഫീസർ എം.സി.സത്മ, ജോ തോമസ് പായിക്കാട് തുടങ്ങിയവർ പങ്കെടുത്തു.