കോട്ടയം : കുമരകത്തിന്റെ വിനാേദസഞ്ചാര വഴികളിൽ നിന്ന് മോട്ടോർ വാഹനങ്ങളുടെ അലോസര ശബ്ദങ്ങളും അന്തരീക്ഷ മലിനീകരണവും ഒഴിവാകുന്നു. സഞ്ചാരികൾക്കായി സൈക്കിളും ഇലക്ട്രിക്ക് സ്കൂട്ടറും നൽകാനാണ് പദ്ധതി. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കുമരകത്തെ ആദ്യ പരീക്ഷണം വിജയമായി.

ചെറുവള്ളങ്ങൾ സ്വയം തുഴഞ്ഞ് കുമരകത്തെ തോടുകളിലൂടെ സഞ്ചരിക്കാൻ വിദേശ ടൂറിസ്റ്റുകൾക്കിഷ്ടമാണ്. എന്നാൽ മതിയായ സുരക്ഷ ഒരുക്കാൻ കഴിയാത്തതിനാൽ ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും യാത്ര ചെയ്യാൻ സഞ്ചാരികൾ നിർബന്ധിതരായി. തണ്ണീർ മുക്കം ബണ്ട് അടച്ചതോടെ തോടുകളിലും ആറുകളിലും ഒഴുക്ക് നിലച്ചു.പായലും കളകളും നിറഞ്ഞ് വെള്ളം കുറുകി. അതോടെ ജലയാത്ര ബുദ്ധിമുട്ടായി.

ഇതിനാലാണ് കുമരകത്തെ ഇടവഴികളിലൂടെ സൈക്കിളിലും ഇലക്ട്രിക്ക് സ്കൂട്ടറിലും സഞ്ചരിക്കാൻ സൗകര്യമൊരുക്കിയത്. അരദിവസത്തേയ്ക്ക് 1000 രൂപയാണ് സൈക്കിൾ യാത്രാനിരക്ക്. മറ്റൊരു സൈക്കിളിൽ ഗൈഡും ഉണ്ടാവുമെന്നതിനാൽ സുരക്ഷാ പ്രശ്നമില്ല. ഏഴ് സൈക്കിൾ ഇപ്പോൾ ഉണ്ട്. ഇത് ചവിട്ടാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇലക്ടിക്ക് സ്കൂട്ടർ നൽകും . മോട്ടോർ വാഹനങ്ങളിലെ യാത്ര സഞ്ചാരികൾ കുറയ്ക്കുന്നതോടെ അന്തരീക്ഷ മലിനീകരണത്തിലും കുറവ് വരും. കുമരകത്തെ പല റിസോർട്ടുകളും സഞ്ചാരികൾക്ക് ഗിയറുള്ള സൈക്കിൾ നൽകുന്നുണ്ട്. സൈക്കിളുമായി എത്തുന്ന സഞ്ചാരികളുമുണ്ട്.

സഞ്ചാരികൾക്ക്

7 സൈക്കിളുകൾ

186 വീടുകളിൽ

ഭക്ഷണമൊരുക്കും

.

ശുദ്ധവായു ആയിരിക്കും ഇനി ടൂറിസത്തിന്റെ സെല്ലിംഗ് പോയിന്റ്. സൈക്കിളിൽ കറങ്ങുന്ന സഞ്ചാരികൾക്ക് കോട്ടയത്തിന്റെ രുചി വൈവിദ്ധ്യം അനുഭവിക്കാൻ നാടൻ ഭക്ഷണ ശാലകളും ഒരുങ്ങി. വൃത്തിയും വെടിപ്പുമുള്ള വീടുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൻകിട റിസോർട്ടുകളിലെ യൂറോപ്യൻ സ്റ്റൈൽ ഭക്ഷണത്തിന്റെ സ്ഥാനത്ത് വീട്ടിലെ ഊണിന്റെ രുചി വിദേശ സഞ്ചാരികൾക്ക് അനുഭവിക്കാനാവും.

കെ.രൂപേഷ് കുമാർ (ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ)