പാലാ : നഗരസഭയിൽ ഒഴിവുള്ള മൂന്ന് അംഗൻവാടി ടീച്ചർമാരെ തിരഞ്ഞെടുത്തതിൽ ക്രമക്കേടും സ്വജനപക്ഷപാതവുമുണ്ടെന്ന ആരോപണവുമായി നഗരസഭാ ഭരണസമിതി രംഗത്ത്. ടീച്ചർമാരെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ നടത്തിയ ഇന്റർവ്യൂവിൽ അന്നത്തെ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് അത്ര സുതാര്യമായി തോന്നുന്നില്ലെന്ന് ഇന്റർവ്യൂവിൽ പങ്കെടുത്ത ബിജി ജോജോയും നിലവിലെ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കും പറഞ്ഞു. മുനിസിപ്പൽ ഓഫീസിൽ നടക്കേണ്ട ഇന്റർവ്യൂ , ളാലം ബ്ലോക്ക് ഓഫീസിലാണ് നടത്തിയത്. അന്നത്തെ ചെയർപേഴ്‌സണെ ളാലം ബ്ലോക്ക് സി.ഡി.പി.ഒ അവിടേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും നഗരഭരണ നേതൃത്വം കുറ്റപ്പെടുത്തി.

ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ നഗരസഭയിൽ കൊണ്ടുവന്നു കാണിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ളാലം ബ്ലോക്ക് ശിശുവികസന കേന്ദ്രം അധികാരികൾ തയ്യാറായില്ലെന്ന് ചെയർപേഴ്‌സൺ കൗൺസിലിനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട ഭരണ പ്രതിപക്ഷാംഗങ്ങൾ എത്രയും വേഗം രേഖകൾ മുനിസിപ്പൽ ഓഫീസിലെത്തിക്കാൻ ളാലം ബ്ലോക്ക് സി. ഡി. പി. ഒ യ്ക്ക് നിർദ്ദേശം നൽകാനും തീരുമാനമെടുത്തു. നിയമനങ്ങൾ സുതാര്യമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് അംഗൻവാടി ഡയറക്ടറോട് ആവശ്യപ്പെടും.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന നഗരസഭാധികാരികൾ കൂടി ചേർന്നാണ് പുതിയ ജീവനക്കാരെ തിരഞ്ഞെടുത്തതെന്നും ഇക്കാര്യത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ളാലം ബ്ലോക്ക് സി. ഡി. പി. ഒ. ഡെയ്‌സമ്മ പറഞ്ഞു. ഒരു സി. ഡി. പി. ഒ. മാത്രം വിചാരിച്ചാൽ ഒരാളെയും അനർഹമായി ലിസ്റ്റിൽ ഉൾപ്പെടുത്താനാവില്ല. ഇക്കാര്യത്തിൽ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ബഹളം വയ്ക്കുന്ന കൗൺസിലർമാർ ളാലം ബ്ലോക്ക് ഓഫീസിൽ പ്രവൃത്തി സമയത്തെത്തിയാൽ രേഖകൾ പരിശോധിക്കാൻ കഴിയും.