പാലാ : രാമപുരം ഗ്രാമപഞ്ചായത്തിലെ ചിറകണ്ടം ഗാന്ധിപുരം വാർഡുകൾ അതിരിടുന്ന
ചാലിപ്പുഴത്തോട്ടിലെ ചെക്കുഡാം നിർമ്മാണം വിവാദത്തിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആറര ലക്ഷം രൂപ ഉപയോഗിച്ച് ചാലിപ്പുഴത്തോട് നീർത്തട പദ്ധതിയുടെ ഭാഗമായി തോടിന്റെ ചെറുനിലം പുരയിട ഭാഗത്തോട് ചേർന്ന് ചെക്ക് ഡാം പണിയാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇവിടെ വെള്ളമില്ലെന്നും അതിനാൽ അവിടെ ചെക്ക് ഡാം കെട്ടുന്നതിനു പകരം കുറച്ചു കൂടി താഴെ ഭാഗത്ത് വെള്ളമുള്ള സ്ഥലത്ത് ചെക്ക് ഡാം നിർമ്മിക്കണമെന്ന അഭിപ്രായവുമായി പദ്ധതിയുടെ ആദ്യ കൺവീനർ കൂടിയായ മുൻ പഞ്ചായത്തംഗം ജോണി പള്ളിയാരടിയിൽ രംഗത്തു വന്നു. ഇത് സംബന്ധിച്ച് ജോണി ഉഴവൂർ ബി.ഡി.ഒയ്ക്ക് പരാതിയും നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബി.ഡി.ഒയും, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണും സ്ഥലത്തെത്തി. ഇതോടെ ചെക്കുഡാമിന്റെ സ്ഥാനത്തെച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. വെള്ളമില്ലാത്തിടത്ത് ചെക്ക് ഡാം പണിയുന്നതിനെ എതിർത്ത ജോണി പള്ളിയാരടിയിൽ പദ്ധതി കൺവീനർ സ്ഥാനം രാജിവച്ചതായും പ്രഖ്യാപിച്ചു. ഇതോടെ ചിറകണ്ടം വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമിനി സിന്നിയുടെ നേതൃത്വത്തിൽ ഗുണഭോക്തൃസമിതി യോഗം ചേർന്ന് പുതിയ കൺവീനറായി സാൻജോ മാത്യുവിനെ തിരഞ്ഞെടുത്തു.

വെള്ളമില്ലാത്തിടത്തല്ലേ ചെക്ക് ഡാം

വെള്ളമില്ലാത്തിടത്തല്ലേ ചെക്ക് ഡാം പണിയേണ്ടതെന്ന മറുവാദം ഉയർത്തുകയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമിനി സിന്നി. ചിറകണ്ടം വാർഡിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് ഗാന്ധിപുരം വാർഡ് മെമ്പർ സോണിയും, ഭർത്താവ് ജോണി പള്ളിയാരടിയും കൈകടത്തേണ്ട കാര്യമില്ലെന്നും ഇവർ പറയുന്നു. ജോണി നിർദ്ദേശിച്ച കരാറുകാരനെക്കൊണ്ട് ചെക്ക് ഡാം നിർമ്മിക്കാൻ ഗുണഭോക്തൃസമിതി തയ്യാറായില്ല. അതാണ് ഇപ്പോഴത്തെ എതിർപ്പിനു കാരണം. പഴയ സ്ഥലത്തു തന്നെ ഉടൻ ചെക്കു ഡാം പണിയുമെന്നും ജമിനി പറഞ്ഞു.

ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന്

സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണി മുഴക്കുകയാണെന്നും ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും ജോണി പള്ളിയാരടി പറഞ്ഞു. ചിറകണ്ടം ഗാന്ധിപുരം വാർഡ് മെമ്പർമാർ കോൺഗ്രസ് പ്രതിനിധികളാണെങ്കിലും ചെക്ക് ഡാമിന്റെ പേരിലുള്ള ഈ തമ്മിലടിയിൽ തലയിടേണ്ടെന്ന നിലപാടിലാണ് രാമപുരത്തെ കോൺഗ്രസ് നേതൃത്വം.