അടിമാലി: കെഎസ്ആർടിസി ഡ്രൈവറെ നടുവഴിയിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ ഇനിയുമായില്ല.മൂന്നാറിൽ നിന്നും എറണാകുളത്തിന് പോകുകയായിരുന്നു കെഎസ്ആർടിസി ബസിലെ ഡ്രൈവറെ അടിമാലി ചാറ്റുപാറക്ക് സമീപത്തു വച്ചായിരുന്നു കഴിഞ്ഞ 16ന് ടിണ്ടർ ലോറിയിൽ പോയ ഒരു വിഭാഗം ആളുകൾ ചേർന്ന് മർദ്ദിച്ചത്.സംഭവം നടന്ന് ഒരാഴ്ച്ചയാകുമ്പോഴും ആക്രമണം നടത്തിയവരെ പിടികൂടാൻ അടിമാലി പൊലീസിന് സാധിച്ചിട്ടില്ല.ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്നവർ മൊബൈലിൽ ചിത്രീകരിക്കുകയും നവമധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ആക്രമികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.അക്രമികൾ സഞ്ചരിച്ചിരുന്ന ലോറി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.