കോട്ടയം : നാലു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഈരയിൽക്കടവ് ബൈപാസിന്റെ ടാറിംഗ് പൂർത്തിയായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്താണ് നാലു കിലോമീറ്റർ ദൂരത്തിൽ ഈരയിൽക്കടവിൽ നിന്ന് മണിപ്പുഴയിൽ എത്തുന്ന രീതിയിൽ പാലവും ബൈപാസും നിർമ്മിച്ചത്. എന്നാൽ, സർക്കാർ മാറിയതോടെ പാലത്തിന്റെ അന്തിമഘട്ടത്തിന്റേതടക്കം ടാറിംഗ് ഇഴഞ്ഞു നീങ്ങി. ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് പാലവും റോഡും ടാറിംഗ് നടത്തിയത്. റോഡിന്റെ അവസാന 300 മീറ്ററിന്റെ ടാറിംഗാണ് ഒരുവർഷമായി മുടങ്ങിക്കിടന്നത്.

പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ വൈകിയതിനാലാണ് ടാറിംഗ് പൂർത്തിയാകാതിരുന്നത്. തുടർന്ന് റോഡ് വെട്ടിപ്പൊളിച്ച് വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിച്ചതിന്റെ നഷ്‌ടപരിഹാരമായ ആറു ലക്ഷം രൂപ അടച്ചു. ഇത് കൂടാതെ പൊതുമരാമത്ത് വകുപ്പ് സ്വന്തം ഫണ്ടിൽ നിന്ന് തുക കണ്ടെത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.

പ്രയോജനം ഇവ

റോഡ് നിർമ്മാണം പൂർത്തിയായതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഞ്ഞിക്കുഴിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് നഗരത്തിലെ കുരുക്കിൽ കുടുങ്ങാതെ മണിപ്പുഴ ജംഗ്ഷനിൽ നിന്ന് ചങ്ങനാശേരി ഭാഗത്ത് എത്താൻ സാധിക്കും.

പ്രശ്‌നങ്ങൾ ഇങ്ങനെ

ഈരയിൽക്കടവ് ജംഗ്ഷനിൽ നാലു റോഡുകളും കൂടുന്ന ഭാഗത്ത് മതിയായ വീതിയില്ല. മുട്ടമ്പലം റെയിൽവേ മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് വഴിയെ ജനപ്രിയമല്ലാതെയാക്കും.

സ്വപ്‌നം യാഥാർത്ഥ്യമായി

നഗരത്തിലെ സാധാരണക്കാരുടെ സ്വപ്‌നമാണ് റോഡ് പൂർത്തിയാകുന്നതോടെ സഫലമാകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് 50 ശതമാനമെങ്കിലും ഈ റോഡ് വഴി കുറയ്‌ക്കാൻ സാധിക്കും.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ