പൊൻകുന്നം : കലാദേവിയുടെ അനുഗ്രഹത്താൽ വൈകല്യങ്ങളെ അതിജീവിച്ച് ഉയരങ്ങളിലെത്തിയ ബാലനർത്തകൻ അമൃതാനന്ദ് റിപ്പബ്ലിക്ക് ദിനവേദിയിൽ നൃത്തച്ചുവടുവയ്ക്കും. പൊൻകുന്നം ഗവ.വൊക്കേഷണൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ കെ.ആർ.അമൃതാനന്ദ് 27 ന് ഡൽഹിയിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയിലാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്. കാലിന് ശേഷിക്കുറവും കേൾവിക്കുറവുമുള്ള അമൃതാനന്ദ് സ്‌കൂൾ കലോത്സവവേദികളിൽ മിന്നുന്ന വിജയം നേടിയിട്ടുണ്ട്. 12 വർഷമായി നൃത്താഭ്യസനം നടത്തുന്നു. പനമറ്റം രാധാദേവിയാണ് ഗുരു. ഓട്ടോറിക്ഷ ഡ്രൈവറായ പൊൻകുന്നം കണ്ണച്ചംകുന്നേൽ അമൃതം വീട്ടിൽ കെ.ആർ.രാജഗോപാലൻ നായരുടെയും സുമ വി.നായരുടെയും മകനാണ്. വള്ളിക്കാവ് അമൃത ആശ്രമത്തിലും പനച്ചിക്കാട്, നാട്ടകം പൊൻകുന്നത്തുകാവ്, പൊൻകുന്നം പുതിയകാവ്, ചിറക്കടവ് മഹാദേവക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രവേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ സന്ദർശിക്കുന്നതിനും അമൃതാനന്ദിന് അനുമതി ലഭിച്ചിട്ടുണ്ട്.