വൈക്കം: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ചെമ്പ് കാട്ടിക്കുന്നിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തും. ഉച്ചക്ക് രണ്ടിന് കാട്ടിക്കുന്നിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന മാർച്ച് ചെമ്പ്, ടോൾ, മറവൻതുരുത്ത്, ചുങ്കം, പാലാംകടവ് വഴി തലയോലപ്പറമ്പിൽ എത്തിച്ചേരും. മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ് നയിക്കുന്ന മാർച്ചിൽ പാർട്ടി നേതാക്കളും ജനപ്രതിനിധികളും യുവജന വിദ്യാർഥി മഹിളാ ട്രേഡ് യൂണിയൻ പ്രവർത്തകരും അണിനിരക്കും. വൈകുന്നേരം 5.30ന് തലയോലപ്പറമ്പ് മാർക്കറ്റ് ജംങ്ഷനിൽ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശവ്യാപകമായി നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഭരണഘടനാ സംരക്ഷണ മാർച്ചും സദസും സംഘടിപ്പിക്കുന്നത്.