തലയോലപ്പറമ്പ്: ബസ് യാത്രക്കിടെ യുവതിയുടെ ബാഗിൽ നിന്നും 2200 രൂപയും 8000 രൂപ വിലയുള്ള മൊബൈൽ ഫോണും എ.ടി.എം കാർഡും അടങ്ങിയ പേഴ്‌സ് മോഷ്ടാക്കൾ അപഹരിച്ചു. ഇന്നലെ രാവിലെ 9 ന് തലയോലപ്പറമ്പിലാണ് സംഭവം. വൈക്കം ദളവാക്കുളം ബസ് സ്റ്റാന്റിൽ നിന്നും കല്ലറയ്ക്ക് പോകുകയായിരുന്ന വന്ദന എന്ന സ്വകാര്യ ബസിലാണ് സംഭവം. ഉദയനാപുരം നികർത്തിൽ സരിത (25) ന്റെ പേഴ്‌സാണ് മോഷ്ടാക്കൾ അപഹരിച്ചത്. പള്ളിക്കവലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ഏ.ജെ ജോൺ ജംഗ്ഷനിൽ ബസിറങ്ങിയ ശേഷം ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുക്കാൻ നോക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇത് സംബന്ധിച്ച് യുവതി തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ ബസുകളിൽ സ്വർണ്ണാഭരണങ്ങളും പണവും അപഹരിക്കുന്ന സംഭവം നാളുകളായി വർദ്ധിച്ചിട്ടുണ്ട്.