basheer

തലയോലപ്പറമ്പ്: ലളിതമായ ഭാഷയും തീഷ്ണമായ ജീവിതാനുഭവങ്ങളുമുള്ള മഹാനായ സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ. ടി ജലീൽ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12 മത് ബഷീർ അവാർഡ് ഡോ.ടി പത്മനാഭന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനായ സാഹിത്യകാരൻ ജനിച്ചു വളർന്ന ഈ മണ്ണിലെത്തുവാനും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് നൽകുവാൻ കഴിഞ്ഞതും ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. കഥയുടെ നോവലിന്റെ പുതിയ ലോകം പരിചയപ്പെടുത്തി തീഷ്ണമായ ജീവിതാനുഭവങ്ങളെ സരളമായി മലയാളിക്ക് പരിചയപ്പെടുത്തിയ മഹത് വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീർ എന്നും മന്ത്രി പറഞ്ഞു. 5,0000 രൂപയും പ്രശസ്തി പത്രവും സി.എൻ കരുണാകരൻ രൂപ കല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. ബഷീർ അനുസ്മരണവും മറുപടി പ്രസംഗവും ഡോ.ടി പത്മനാഭൻ നടത്തി. മരയ എന്ന കഥാസമാഹാരമാണ് അവാർഡിനർഹമായ കൃതി.
വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥകളിലൂടെ ലോകത്തിന് പരിചിതമായ മൂവാറ്റുപുഴയാറിന്റെ തീരത്തെ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.പി കെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ.വി. കെ ജോസ്, ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ.സി. എം കുസുമൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. എൻ രമേശൻ നന്ദിയും പറഞ്ഞു.