കോട്ടയം: അയൽവാസിയായ ബേക്കറി ഉടമയെ കുത്തിവീഴ്ത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ ചാമക്കാല ചിറയിൽ പുത്തൻപുരയിൽ പി.ജെ സൈമണിനെയാണ് (68) വീടിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ പ്ലാമ്പറമ്പിൽ പി.കെ ജോൺ (52) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരളിനും വൻകുടലിനും മുറിവേറ്റ ജോണിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ജോണിന്റെ കൈകൾക്കും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്.
ചാമക്കാല ജംഗ്ഷനിൽ ബേക്കറികട നടത്തുകയാണ് ജോൺ. കടയും പൂട്ടി വീട്ടിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നതായി കടുത്തുരുത്തി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ കേസും ഉണ്ടായിരുന്നു.
സൈമൺന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ചാമക്കാല സെന്റ്് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: അന്നമ്മ. മക്കൾ: സോണിയ, സോളി, സോജൻ. മരുമക്കൾ: ജോമോൻ, റെജി, എബിലി.