ചങ്ങനാശേരി: അംഗൻവാടി ജീവനക്കാരിയെ നടുറോഡിൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഭർത്താവിനായി തിരച്ചിൽ. യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടെ ചങ്ങനാശേരി ചുളപ്പടിയിലാണ് സംഭവം.
ചങ്ങനാശേരി കോട്ടശേരി വട്ടമലകുന്ന് ഭാഗത്ത് പനംപാലിക്കൽ പ്രമോദിന്റെ ഭാര്യ സിനിക്കാണ് (28) പരിക്കേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിനിയെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
മദ്യപാനിയായ പ്രമോദ് സിനിയെ ഉപദ്രവിക്കുക പതിവായിരുന്നുവെന്നുവത്രേ. ഇതേ തുടർന്ന് സിനിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. ഇയാൾ അന്വേഷിക്കാതായതോടെ വീട്ടുകാർ സിനിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ഇവർ വേറെ വീട് എടുത്ത് താമസിച്ചുവരികയായിരുന്നു.
ഇന്ന് രാവിലെ അംഗൻവാടിയിലേക്ക് ജോലിക്കായി നടന്നുപോയ സിനിയുടെ പിറകെ പ്രമോദ് ബൈക്കിലെത്തി തടഞ്ഞുനിർത്തി കൈയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. ഇതോടെ നിലത്തുവീണ സിനിയെ വീണ്ടും കഴുത്തറുക്കാൻ ശ്രമിച്ചെങ്കിലും ആരോ വരുന്നതുകണ്ട് ബൈക്കിൽ തന്നെ രക്ഷപെടുകയായിരുന്നു. രക്തത്തിൽ കുളിച്ച് നടുറോഡിൽ കിടക്കുന്ന സിനിയെ കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് ചങ്ങനാശേരി സി.ഐ പി.വി മനോജ് കുമാർ, തൃക്കൊടിത്താനം സി.ഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഞൊടിയിടയിൽ എത്തി ആശുപത്രിയിലേക്ക് മാറ്റി. ഡിവൈ.എസ്.പി സുരേഷ് കുമാർ സംഭവസ്ഥലത്തെത്തി അന്വേഷണം ത്വരിതപ്പെടുത്തി.