കോട്ടയം: ജില്ലയിൽ തരിശായിക്കിടക്കുന്ന മുഴുവൻ പറമ്പുകളിലേയ്ക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. ജീവനി പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി സൗജന്യ തൈ വിതരണംതുടങ്ങി.
ഒരു പഞ്ചായത്തിൽ കുറഞ്ഞത് നാല് ഹെക്ടർ എന്ന കണക്കിൽ ജില്ലയിലെ 71 പഞ്ചായത്തുകളിലും അധിക കൃഷി നടത്തും. ഇതിനായി തരിശ് ഭൂമിയുടെ കണക്കും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതൽ ഒരു വർഷത്തേയ്ക്ക് വീട്ടിൽ ആവശ്യമുള്ള പച്ചക്കറികൾ സ്വയം വികസിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ നഴ്സറികൾ, കോഴയിലെ കൃഷിത്തോട്ടം എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ പാവൽ, പടവലം, പയർ, ചീര, വഴുതന, തക്കാളി, മുളക് എന്നിവയാണ് കൂടുതൽ ഉത്പാദിപ്പിച്ചത്. ഓരോ പ്രദേശത്തെയും പരമ്പരാഗതമായ വിത്തിനങ്ങൾ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യും. ആനക്കൊമ്പൻ വെണ്ട, ചതുരപ്പയർ, പുള്ളിപ്പയർ, കറുത്ത പയർ തുടങ്ങിയവ കൃഷി ചെയ്യുന്നതോടൊപ്പം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
സ്‌കൂൾ കൃഷി
സ്‌കൂളുകളിലും പൊലീസ് സ്റ്റേഷനുകളിലും പച്ചക്കറി കൃഷി ആരംഭിച്ചു. എലിക്കുളത്ത് എം.ജി.എം സ്കൂളിലെ വിദ്യാർത്ഥികൾ വീട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ അഗ്രോ യൂണിറ്റിൽ വിൽക്കുന്നുണ്ട്.
പോഷകത്തോട്ടം
ഉയരം കുറഞ്ഞ അഗസ്തി, പപ്പായ, കറിവേപ്പ്, കോവൽ തുടങ്ങിയവയുടെ തൈകൾ പോഷകത്തോട്ടം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികൾക്ക് വിതരണം ചെയ്യും.
''ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സുരക്ഷിത പച്ചക്കറിയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിൽ ഉടൻ ക്ലാസുകൾ പൂർത്തിയാകും. ബ്ലോക്ക്തല ബോധവൽക്കരണം ഉടൻ ആരംഭിക്കും''
- ബീന ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ, കൃഷി
പദ്ധതി
ചെലവ്
10 ലക്ഷം
വിതരണം
ചെയ്യുന്നത്
15 ലക്ഷം
തൈകൾ