കോട്ടയം: ജില്ലയിൽ ലഭിക്കുന്ന ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ പരിശോധനകൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകി. ജില്ലയിൽ വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് പരിമിതിയുള്ളതിനാൽ ജല, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൂടി പരിശോധന കാര്യക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ കാര്യക്ഷമമായ പരിശോധന നടക്കുന്നുണ്ടെന്നും കുടിവെള്ളത്തിന് ഒരു പ്രശ്നവുമില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്.
ജില്ലയിൽ ജലവിതരണത്തിന് അനുമതിയുള്ള കുപ്പിവെള്ള കമ്പനികളിലും ജലസ്രോതസുകളിലും പരിശോധന നടത്താൻ ലാബുകളുടെ അഭാവമാണ് ആരോഗ്യവകുപ്പിന് തടസം. മെഡിക്കൽ കോളേജിലുള്ള ഏക ലാബിന്റെ സേവനമാണ് ഉപയോഗിക്കുന്നത്. ഇവിടെ കൂടുതൽ പരിശോധിക്കാനുള്ള അസൗകര്യം അവർ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളം, ജാറുകളിൽ വിതരണം ചെയ്യുന്ന വെള്ളം ടാങ്കറുകളിലെത്തിക്കുന്ന വെള്ളം എന്നിവയിൽ ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കണമെന്ന നിർദേശവും ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്നു.
''ജില്ലയിൽ വിതരണം ചെയ്യുന്ന ജലം തുടർച്ചയായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളം വിൽപന നടത്തിയാൽ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കും. വിദ്യാലയങ്ങളിലെ വെള്ളം സുരക്ഷിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യസുരക്ഷാവിഭാഗം
'' കുടിവെള്ളത്തെ സംബന്ധിച്ച് നിരവധി പരാതികളുണ്ട്. പരിശോധന നടത്താൻ ആരോഗ്യ വകുപ്പിന് പരിമിതിയുണ്ട്. പബ്ളിക് ഹെൽത്ത് ലാബ് വരുന്നതോടെ സ്വന്തം നിലയിൽ ആരോഗ്യ വകുപ്പിന് പരിശോധന നടത്താൻ കഴിയും''
ഡോ. ജേക്കബ് വറുഗീസ്, ഡി.എം.ഒ
ആരോഗ്യവകുപ്പിനു
കീഴിലുള്ളത്
ഒരേയൊരു ലാബ്
റിപ്പോർട്ടിൽ പറയിന്നത്
കമ്പനികളുടെ കുപ്പിവെള്ളത്തിൽ വ്യാജൻമാർ വ്യാപകം
കുടിവെള്ള ക്യാനുകളിൽ നിബന്ധന പാലിക്കപ്പെടുന്നില്ല
ജാറിന്റെ മുകൾഭാഗത്ത് കമ്പനിയുടെ സ്റ്റിക്കർ സീലില്ല
ആറുകളിൽ നിന്ന് നേരിട്ട് വെള്ളം വിതരണം ചെയ്യുന്നു
ആറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം