കുറവിലങ്ങാട് : സാക്ഷരതാമിഷന്റെ ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള ഇന്ത്യ എന്ന റിപ്പബ്ലിക് കലാജാഥ ജില്ലയിൽ പര്യടനം നടത്തി. പര്യടനം കുറവിലങ്ങാട് ബസ് സ്റ്റാൻഡിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടനും കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗവുമായ വി.ഡി പ്രേം പ്രസാദ് 'പുരാണങ്ങളും ഇന്ത്യ ചരിത്രവും ആനുകാലിക സാഹചര്യങ്ങളും" കോർത്തിണക്കി ചിട്ടപ്പെടുത്തിയ പരിപാടിയിൽ ഇരുപതോളം കലാകാരൻമാർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി കീപ്പുറം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റജി, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അലക്‌സ്, പഞ്ചായത്തംഗങ്ങൾ, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ എ.സന്ദീപ് ചന്ദ്രൻ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ.വി. രതീഷ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ബേബി ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. വാഴൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണിമലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.