കോട്ടയം: അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചുള്ള വിഖ്യാതമായ നഗരപ്രദക്ഷിണം നാളെ നടക്കും. വർണപ്പൊലിമയിൽ നടക്കുന്ന പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 5.45ന് വലിയപള്ളിയിൽ നിന്ന് പുറപ്പെടും. പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങൾ വഹിക്കുന്ന പ്രദക്ഷിണത്തിൽ വാദ്യമേളങ്ങൾ അകമ്പടി സേവിക്കും. ആചാരപരമായ വരവേൽപിന് ശേഷം ടൗൺ കപ്പേളയിലെത്തി പ്രാർത്ഥന നടത്തും. 7.30ന് ടൗൺ കപ്പേളയിൽ നിന്ന് പ്രദക്ഷിണം പുനരാരംഭിക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ അലങ്കരിച്ച വീഥിയിലൂടെ നീങ്ങുന്ന പ്രദക്ഷിണം എട്ടിന് ചെറിയപള്ളിക്ക് മുന്നിലെത്തും. 7.45ന് വലിയപള്ളിയിൽ നിന്ന് ഉണ്ണിയീശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ചെറിയപള്ളിയിലേക്ക് നീങ്ങും. എട്ടിന് ചെറിയപള്ളിക്കു മുന്നിൽ ഇരു പ്രദക്ഷിണങ്ങളും സംഗമിക്കും.സംയുക്ത പ്രദക്ഷിണം ചെറിയപള്ളിയും വലിയ പള്ളിയും ചുറ്റി 9.30ന് വലിയ പള്ളിയിൽ സമാപിക്കും.
ദേശക്കഴുന്ന് ഇന്ന് സമാപിക്കും
ദേശത്തിന് വിശ്വാസത്തിന്റെ പൊൻ വെളിച്ചം പകരുന്ന ദേശക്കഴുന്നിന് ഇന്ന് സമാപിക്കും. പടിഞ്ഞാറ്റുംഭാഗം ദേശക്കഴുന്നാണ് ഇന്ന് നടക്കുന്നത്. രാവിലെ 5.45ന് വലിയപള്ളിയിൽ വികാരി ജനറൽ റവ.ഡോ.തോമസ് പാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന അർപ്പിക്കും. തുടർന്ന് വിശ്വാസികൾ കഴുന്ന് ഏറ്റുവാങ്ങി ഭവനങ്ങളിൽ പ്രതിഷ്ഠിക്കും. വൈകിട്ട് അഞ്ചിന് പടിഞ്ഞാറ്റും ഭാഗത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണങ്ങൾ സംഗമിച്ച് 7.30ന് ചെറിയപള്ളിയിൽ സമാപിക്കും.