കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 25ന് ജില്ലയിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിന് ക്രമീകരണങ്ങളായി. പ്രധാന റോഡുകളുടെ വശങ്ങളിൽനിന്നുള്ള അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി, സ്‌ക്രാപ് മർച്ചന്റ്‌സ് അസോസിയേഷൻ, എക്‌സ് സർവീസ് മെൻ എൻവയോൺമെന്റൽ സർവീസസ് ലിമിറ്റഡ് എന്നീ ഏജൻസികളാണ് നീക്കം ചെയ്യുക. സർക്കാർ നിർദ്ദേശപ്രകാരമാണ് ഈ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഒരു ഏജൻസിയെ മാത്രം ആശ്രയിച്ചുള്ള മാലിന്യ നീക്കം പ്രായോഗിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. ഓരോ ഏജൻസിയും മാലിന്യനീക്കം നടത്തേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് മാർഗരേഖയും തയ്യാറായിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലോ എം.സി.എഫുകളിലോ എത്തിക്കുന്ന അജൈവ മാലിന്യങ്ങൾ എട്ട് രൂപ നിരക്കിലാണ് ഏജൻസികൾ എടുക്കുക. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ ഈ തുക നൽകുമെങ്കിലും സർക്കാർ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തിരിച്ചു നൽകും. ആവശ്യമായ ഫണ്ട് സർക്കാരിൽ നിന്നും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്ററെയും കളക്ടർ ചുമതലപ്പെടുത്തി.