കോട്ടയം: പ്രളയ ദുരിതാശ്വാസത്തിനായുള്ള അപ്പീൽ അപേക്ഷകളിൽ വിവരശേഖരണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സഹായകമായ ആപ്ലിക്കേഷൻ തയ്യാറാക്കിയ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് ജില്ലാ കളക്ടറുടെ അഭിനന്ദനം. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിദ്യാർഥികളായ ഫിലിപ് തോമസും ജോൺ വർക്കിയും ചേർന്നാണ് ഭാവം (ഫ്ലഡ് അപ്പീൽ ആപ്ലിക്കേഷൻ വേരിഫിക്കേഷൻ) എന്ന പേരിലുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അദ്ധ്യാപകരായ ജൂബിലന്റ് ജെ. കിഴക്കേത്തോട്ടം, ടിബിൻ തോമസ്, ജസ്റ്റിൻ മാത്യു എന്നിവർ മാർഗ്ഗനിർദേശങ്ങൾ നൽകി. 2018ലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി കോട്ടയം കളക്ടറേറ്റിൽ മൂന്നാം ഘട്ടമായി ലഭിച്ച 48000 അപ്പീൽ അപേക്ഷകളുടെ വിവരശേഖരണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ആപ്ലിക്കേഷൻ സഹായകമായി. വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സംഘം അപേക്ഷകരുടെ വീടുകളിലെത്തി വിശദാംശങ്ങൾ മൊബൈൽ ഫോണിൽ തത്സമയം രേഖപ്പെടുത്തുകയായിരുന്നു. ഫിലിപ്പ് തോമസിനും ജോൺ വർക്കിക്കും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു സർട്ടിഫിക്കറ്റ് നൽകി. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൾ പൊടിപ്പാറയും സന്നിഹിതയായിരുന്നു.