കുറുപ്പന്തറ : മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവതാമൃതസത്രത്തിന്റെ ഭാഗമായി 99 ആചാര്യന്മാർ പങ്കെടുക്കുന്ന ഏകോനശതക്രതു നവാഹ യജ്ഞം എന്നിവയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മുതൽ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനമായ ഫെബ്രുവരി 2 വരെയാണ് ആഘോഷം.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെൺമണി കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് മുഖ്യ ആചാര്യന്മാർ. തൃശ്ശൂർ നടുവിൽമാം അച്യുത ഭാരതി സ്വാമിയാർ, മുംബയ് ചന്ദ്രശേഖര ശർമ, മരങ്ങാട് മുരളികൃഷ്ണൻ നമ്പൂതിരി എന്നിവർ ആചാര്യന്മാരാകും. സ്വാമി ചിദാനന്ദപുരി, വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ, നൊച്ചൂർ വെങ്കിട്ടരാമൻ, ശ്രീ എം, ശിവംശുക്ല മഹാരാജ തുടങ്ങിയവരുടെ പ്രഭാഷണം വിവിധ ദിവസങ്ങളിൽ നടക്കും. ദിവസവും രാവിലെ 5.30 മുതൽ വൈകിട്ട് 7 വരെയാണ് യജ്ഞം. ഇന്ന് 6.30ന് യജ്ഞത്തിന് തുടക്കമാകും.
ആഘോഷങ്ങളുടെ ഭാഗമായി ഗണേശ മണ്ഡപത്തിൽ ദിവസവും കലാപരിപാടികളുണ്ട്. ചെന്നൈ സരേഷ്, ഈറോഡ് രാജാമണി ഭാഗവതർ, കലാമണ്ഡലം ഗോപി, കെ.ജി.ജയൻ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, സിദ് ശ്രീരാം, അമ്പലപ്പുഴ വിജയകുമാർ, മഞ്ഞപ്ര മോഹനൻ, വിഠൽ ദാസ് ജയകൃഷ്ണ ദീക്ഷിതർ, ശട്ടനാഥ ഭാഗവതർ, ടി. എസ്. രാധാകൃഷ്ണൻ, കാവാലം ശ്രീകുമാർ, മാതംഗി സത്യമൂർത്തി, കോഴിക്കോട് പ്രശാന്ത് വർമ്മ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ഗണേശ മണ്ഡപത്തിൽ എത്തും. വൃന്ദാവന വ്രജവാസികൾ അവതരിപ്പിക്കുന്ന രാസലീല 31ന് നടക്കും ഫെബ്രുവരി 2ന് രാവിലെ 11നാണ് ജയന്തി സമ്മേളനം.