രാമപുരം : ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണത്തിന് മടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. ഒടുവിൽ കളക്ടർ ഇടപെട്ടതോടെ അന്വേഷണം തകൃതിയായി. രാമപുരം ജംഗ്ഷനിൽ പള്ളിക്ക് എതിർവശം പ്രവർത്തിക്കുന്ന 'ദിവ്യ ' ഹോട്ടലിൽ നിന്ന് ഇന്നലെ രണ്ടരയോടെ ഊണു കഴിച്ച അഞ്ചുപേർക്കാണ് വായിൽ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടത്. ആദ്യം രാമപുരം ഗവ. ആശുപത്രിയിലെത്തി വിവരം അറിയിച്ചു. തുടർന്ന് കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. യശോധരന്റെ ചികിത്സ തേടി. സാമ്പാറിന് കൊഴുപ്പു കൂട്ടാൻ ചിലതരം ആസിഡുകൾ ചില ഹോട്ടലുകാർ ഉപയോഗിക്കുന്നുണ്ടെന്നും ഇതാണ് അസ്വസ്ഥതയ്ക്ക് ഇടയാക്കിയതെന്നും ഡോക്ടർ പറഞ്ഞു. ചോറിലേക്ക് സാമ്പാർ ഒഴിച്ചപ്പോഴാണ് നീറ്റൽ അനുഭവപ്പെട്ടതെന്ന് വിഷബാധയേറ്റവരും പറഞ്ഞു.

ഉച്ചഭക്ഷണം കഴിച്ച് എഴുന്നേറ്റ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും അസ്വസ്ഥതയുണ്ടാതായി അവർ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ രാമപുരം ഗവ. ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മേഴ്‌സി ചാക്കോയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി പരശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് മെഡിക്കൽ ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് നൽകും. സാമ്പിളുകളും മറ്റും ശേഖരിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഗവ. ആശുപത്രിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.


വണ്ടിയില്ല : വരാൻ കഴിയില്ല
ഭക്ഷ്യവിഷബാധയേറ്റയാൾ ആദ്യം ഫോൺ വിളിച്ച് വിവരം പറഞ്ഞത് പാലായിലെ ഭക്ഷ്യസുരക്ഷാ ഓഫീസർ യമുനാ കുര്യനോടാണ്. ഉടൻ ഹോട്ടലിലെത്തി പരിശോധന നടത്തുമെന്നും ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുമെന്നും ഇവർ പറഞ്ഞു. അരമണിക്കൂർ കാത്തുനിന്നിട്ടും ആരും സ്ഥലത്തെത്തിയില്ല. വീണ്ടും വിളിച്ചപ്പോൾ സ്ഥലത്തേയ്ക്ക് വരാൻ വണ്ടിയില്ലെന്ന തൊടുന്യായം നിരത്തി. കോട്ടയത്തെ ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണറാണ് വണ്ടി വിട്ടു തരേണ്ടതെന്നും പറഞ്ഞു. ഭക്ഷണസാമ്പിളിനായി ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം പാഴ്‌സലായി വാങ്ങിയിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തിക്കാമെന്നും വിഷബാധയേറ്റവർ അറിയിച്ചെങ്കിലും സാമ്പിൾ തങ്ങൾ ശേഖരിച്ചു കൊള്ളാമെന്നും പിറ്റേ ദിവസം ഹോട്ടലിൽ പോകാമെന്നുമായിരുന്നു മറുപടി. അപ്പോഴെങ്ങനെ വിഷബാധയുള്ള ഭക്ഷണ സാമ്പിൾ ശേഖരിക്കുമെന്ന ചോദ്യത്തിന് മറുപടിയുമുണ്ടായില്ല.

ഉഷ്ണത്തിന്റെ പ്രശ്‌നമാകുമെന്ന് ഹോട്ടലുടമ
താനും ഉച്ചയൂണ് കഴിച്ചതാണെന്നും ഒരു പ്രശ്‌നവുമുണ്ടായില്ലെന്നും ഹോട്ടലുടമ മാണി പറഞ്ഞു. അസ്വസ്ഥതയുണ്ടായവർ പരാതിപ്പെട്ടപ്പോൾ ഉഷ്ണത്തിന്റെ പ്രശ്‌നമാകാമെന്നായിരുന്നു മറുപടി.

ഭക്ഷണവിതരണം തകൃതി

വിഷബാധയേറ്റ വിവരം പറഞ്ഞിട്ടും ദിവ്യ ഹോട്ടലിൽ ഭക്ഷണവിതരണം തകൃതി. അഞ്ചുപേർ ഭക്ഷ്യവിഷബാധ മൂലമുള്ള അസ്വസ്ഥതകളാൽ വലയുമ്പോഴും മറ്റു പലർക്കും ഭക്ഷണം വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു ഹോട്ടലുടമയും ജീവനക്കാരും.