അന്ത്യാളം : അന്ത്യാളത്ത് അടുത്ത നാല് വർഷത്തേക്ക് 24 മണിക്കൂറും ടാർ മിക്‌സിംഗ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ കരൂർ പഞ്ചായത്ത് സമിതിയുടെ തീരുമാനത്തിനെതിരെ പയപ്പാർവാർഡ് ഗ്രാമസഭയിൽ പ്രതിഷേധം. ലൈസൻസ് നൽകാനുള്ളപഞ്ചായത്ത് സമിതി തീരുമാനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി കൊണ്ടുവന്ന പ്രമേയം അനുവദിക്കാൻ പ്രസിഡന്റും മെമ്പർമാരും അനുമതി നിഷേധിച്ചതോടെ വാക്ക് തർക്കവും ബഹളവും മണിക്കൂറുകൾ നീണ്ടു നിന്നു. പഞ്ചായത്ത് അധികൃതരുടെ ആവശ്യ പ്രകാരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗ്രാമസഭ തുടങ്ങാനായില്ല. തുടർന്ന് പ്രമേയം അവതരിപ്പിക്കാൻ പ്രസിഡന്റ് സമ്മതമറിയിച്ചതോടെയാണ് ഗ്രാമസഭ തുടർ നടപടികളിലേക്ക് കടന്നത്. കഴിഞ്ഞവർഷം അനധികൃതമായി പ്രവർത്തനം ആരംഭിച്ച പ്ലാന്റിനെതിരെ ജനങ്ങൾ സമരസമതി രൂപീകരിച്ച് നിരവധി സമരങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ 10 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന വൻകിട ക്വാറിയും, മെറ്റൽ ക്രഷർ യൂണിറ്റും മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ജനങ്ങൾ നേരിടുന്നത്.