കോട്ടയം: മണ്ണെടുപ്പിനെപ്പറ്റി പരാതി നൽകാനെത്തിയ വിവരാവകാശ പ്രവർത്തകനെ നഗരസഭ ഓഫീസിൽ വച്ച് കരാറുകാർ മർദിച്ചതായി പരാതി. എസ്.എച്ച് മൗണ്ട് ആറ്റുവായിൽ മഹേഷ് വിജയനെയാണ് മർദിച്ചത്. കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ ഐ.പി.സി ചർച്ചിന്റെ സ്ഥലത്ത് മണ്ണെടുക്കുന്നതിനെക്കുറിച്ച് പരാതി നൽകാനാണ് മഹേഷ് നഗരസഭ ഓഫീസിൽ എത്തിയത്. കരാറുകാരുടെ മുറിയ്ക്കു മുന്നിലൂടെ നടന്നു പോയ മഹേഷിനെ തടഞ്ഞു വച്ചു മർദിക്കുകയായിരുന്നെന്ന് പറയുന്നു.
മർദനമേറ്റ് നിലത്തു വീണ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ജീവനക്കാർ തയ്യാറായില്ലെന്നും മഹേഷ് പറയുന്നു. ആരും പൊലീസിലും അറിയിച്ചില്ല. തുടർന്ന് തനിയെ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ സർജൻ പരിശോധിച്ചെങ്കിൽ മാത്രമേ അഡ്മിറ്റ് ചെയ്യൂ എന്ന് ആശുപത്രി അധികൃതർ ശഠിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസുകാരുമായി സംസാരിച്ചതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്യാൻ തയ്യാറായത്. മഹേഷിന്റെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.