കോട്ടയം: ക്രിസ്‌മസ് ദിനത്തിൽ അയ്‌മനത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്‌ത കേസിൽ ഗുണ്ട വിനീത് സഞ്ജയന്റെ കൂട്ടാളികളായ രണ്ടു പേർ പിടിയിൽ. അയ്മനം പരിപ്പ് വല്യാട് ചൂരത്തറ അഖിൽ (19), നീണ്ടൂർ കൈപ്പുഴ ശാസ്താങ്കൽ അംബികാ ഭവനിൽ ശ്യാം മോൻ (പുട്ടാലു - 31) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്. ഡി.വൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് നിധീഷ് രാജ് (26), അരുൺ ദാസ് (26) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, ഒളശ പാഞ്ചേരിയിൽ അതുലിന്റെ (26) വീട് തകർക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്. ചുങ്കത്തിരുന്ന് മദ്യപിക്കുകയായിരുന്ന ശ്യാമിനേയും സുഹൃത്തുക്കളെയും അക്രമത്തിനായി വിനീത് സഞ്ജയൻ അയ്‌മനത്തേയ്‌ക്കു വിളിച്ചു വരുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ചങ്ങനാശേരി ഭാഗത്തെ കുപ്രസിദ്ധ ഗുണ്ടയും കാപ്പാ കേസുകളിൽ പ്രതിയുമായ പൈലി അനീഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇതിനിടെ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ച ഇവർ ഇവിടെ വച്ച് മറ്റൊരു യുവാവുമായി ഏറ്റുമുട്ടി. ഒളിവിൽ കഴിയുന്നതിനുള്ള പണത്തിനായി ഇവർ കടുത്തുരുത്തി, കോതനല്ലൂർ, നീണ്ടൂർ എന്നിവിടങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും മൂന്നു മൊബൈൽ മൊബൈൽ ഫോണും 7500 രൂപയും മോഷ്‌ടിച്ചു. ഫോൺ വിൽക്കാൻ ശ്രമിച്ചെങ്കിലും പാറ്റേൺ ലോക്കുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിനു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ. സജീവ്, സുദീപ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ രഹസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടുകയായിരുന്നു. വിനീത് സഞ്ജയനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.