പൊൻകുന്നം: തോട്ടം മേഖലയിലെ സ്‌കൂളുകൾക്കുള്ള പഠനപരിപോഷണ പദ്ധതിയിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പനമറ്റം ഗവ.ഹയർസെക്കൻഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. ജില്ലയിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന ഏക സ്‌കൂളാണിത്. ആദിവാസി തോട്ടം തീരദേശ മേഖലകൾക്കായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പദ്ധതിയിൽ 14 ജില്ലകളിലും ഓരോ വിദ്യാലയത്തെയാണ് തിരഞ്ഞെടുത്തത്. 5മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെയാണ് ഇതിൽ പരിഗണിക്കുന്നത്. ആദ്യഘട്ടമായി പനമറ്റം സ്‌കൂളിന് 3,09,250 രൂപ അനുവദിച്ചു. രണ്ടാംഘട്ടത്തിൽ 3 ലക്ഷം രൂപ കൂടി ലഭിക്കും. പഠനസമയത്തെ ബാധിക്കാത്ത വിധം പഠനാനുബന്ധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലെ മികവ് പരിഗണിച്ചാണ് തിരഞ്ഞെടുക്കൽ. കലാപരിശീലനത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കും. കഥകളി, ഓട്ടൻതുള്ളൽ, കുത്തിയോട്ടം, മാർഗംകളി, തിരുവാതിര, ഒപ്പന, നാടൻപാട്ട്, ചെണ്ട എന്നിവയിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുന്നതിന് ഒരുലക്ഷം രൂപ വിനിയോഗിക്കും. ചിത്രകലാ പരിശീലനവുമുണ്ട്. നാടകക്യാമ്പിന് മുപ്പതിനായിരം രൂപയും കൈത്തൊഴിൽ പരിശീലനത്തിന് അൻപതിനായിരം രൂപയുമുണ്ട്. ലാബ്, ലൈബ്രറി നവീകരണത്തിനും പഠനയാത്രക്കും അൻപതിനായിരം രൂപ വീതം ഉപയോഗിക്കാം. രക്ഷിതാക്കൾക്ക് ബോധവത്ക്കരണത്തിനും പദ്ധതിയുണ്ട്. സ്‌കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 13 കോടി രൂപയുടെ വികസന പദ്ധതികളുടെ രേഖ സർക്കാരിന് സമർപ്പിച്ചുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.