കോട്ടയം: മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നു നൽകുന്ന കവറിൽ ഹാൻസും നിരോധിത പുകയില ഉത്പന്നങ്ങളും ഇട്ട് പിൻ ചെയ്ത് വിൽപ്പന നടത്തിയിരുന്ന പെട്ടിക്കടയുടമ പിടിയിൽ. തിരുനക്കര സെൻട്രൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തിയിരുന്ന ഇല്ലിക്കൽ നാലുകണ്ടത്തിൽ കൊച്ചുമുഹമ്മദിനെയാണ് (71) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പിടികൂടിയത്. 300 പാക്കറ്റ് ഹാൻസ് ഇവിടെ നിന്നും പിടിച്ചെടുത്തു. നഗരത്തിൽ വൻ തോതിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില സാധനങ്ങൾ വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എ.എസ്.ഐ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, ലിബു ചെറിയാൻ, പത്മകുമാർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് അടക്കമുള്ളവ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.