പാലാ : സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ പേരിൽ എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയന് അഞ്ചരക്കോടിയുടെ ആസ്ഥാന മന്ദിരം പാലായിൽ ഉയരുന്നു. ' മന്നം കൾച്ചറൽ ആന്റ് സ്റ്റഡി സെന്റർ ' എന്ന് പേരിട്ടിരിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡയറക്ടർ ബോർഡംഗവും,യൂണിയൻ പ്രസിഡന്റുമായ സി.പി.ചന്ദ്രൻ നായർ നിർവഹിച്ചു. ളാലം മഹാദേവ ക്ഷേത്രം മേൽശാന്തി കരുനാട്ടില്ലം നാരായണ ഭട്ടതിരി ഭൂമി പൂജ നടത്തിയ ശേഷമാണ് ശിലാസ്ഥാപനം നടന്നത്. യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്.ഷാജികുമാർ, സെക്രട്ടറി ഉഴവൂർ വി.കെ.രഘുനാഥൻ നായർ, യൂണിയൻ ഭരണ സമിതിയംഗങ്ങൾ, കരയോഗം പ്രവർത്തകർ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
യൂണിയൻ ഓഫീസ്, വിശാലമായ ഓഡിറ്റോറിയം, പോഷക സംഘടനകളുടെ ഓഫീസ്, വാഹനപാർക്കിംഗ് സൗകര്യവുമാണ് മന്ദിരത്തിലുള്ളത്. ചെത്തിമറ്റത്ത് യൂണിയനു സ്വന്തമായുള്ള 45 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം പണിയുന്നത്. യൂണിയനിലെ 105 കരയോഗങ്ങളുടെയും കരയോഗം പ്രവർത്തകരുടെയും സഹായ സഹകരണത്തോടെയാണ് നിർമ്മാണം. ഒരു വർഷത്തിനുള്ളിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.