ചില്ലിത്തോട് ഹരിജൻ കോളനിയിൽ കിട്ടുന്നത് 290 പട്ടയങ്ങൾ
അടിമാലി: നാലര പതിറ്റാണ്ടിന്റെ പ്രതീക്ഷ പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ചില്ലിത്തോട്ടിലെ ഹരിജൻ കോളനിക്കാർ.കട്ടപ്പനയിൽ ഇന്ന് നടക്കുന്ന പട്ടയമേളയിൽ കോളനിയിലെ 290 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും.ഓഫീസുകൾ കയറി ഇറങ്ങിയും നിവേദനങ്ങൾ നൽകിയും മനസ്സ് മടുത്ത കുടുംബങ്ങൾക്ക് തങ്ങളുടെ പ്രതയ്നങ്ങളുടെ വിജയമായാണ് പുതിയ തീരുമാനത്തെ കാണുന്നത്..പട്ടയമെന്ന ആവശ്യം മുൻനിർത്തി എണ്ണിയാലൊടുങ്ങാത്ത പരാതികൾ സമർപ്പിച്ചിട്ടുള്ളതായും ഇത്തവണ തങ്ങളെ പട്ടയം നൽകാൻ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും കോളനിയിലെ കുടുംബങ്ങൾ പറഞ്ഞു.
1975ലായിരുന്നു 90 കുടുംബങ്ങളെ സർക്കാർ ചില്ലിത്തോട്ടിൽ താമസിപ്പിച്ചത്..പിന്നീട് പട്ടയമെന്ന ആവശ്യവുമായി സർക്കാരോഫീസുകൾ കയറി ഇറങ്ങിയ കുടുംബങ്ങൾക്ക് ലഭിച്ച മറുപടി കുടിയിരുത്തപ്പെട്ട ഭൂമി വനഭൂമിയാണെന്നായിരുന്നു.തുടർന്നിങ്ങോട്ട് പട്ടയമെന്ന ആവശ്യമുന്നയിച്ച് ഓരോ പട്ടയമേള അടുക്കുമ്പോഴും കുടുംബങ്ങൾ കാത്തിരുന്നു.വർഷങ്ങൾ കഴിയുന്തോറും കാത്തിരിപ്പ് തുടരുന്ന കുടുംബങ്ങളുടെ എണ്ണമേറി.ഒടുവിൽ നിയമങ്ങളുടെ ചുരുളഴിഞ്ഞ് കോളനിയിലെ 290 കുടുംബങ്ങൾക്കും പട്ടയം നൽകാൻ ഇത്തവണ തീരുമാനമായി.