കോട്ടയം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പോലെ പഴയ സ്വർണവും നിരോധിക്കുമെന്നും അതിന് മുൻപ് എല്ലാ മാറ്റിയെടുക്കണമെന്നുമുള്ള പ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആൾ കേരള ഗോൾ ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണാഭരങ്ങൾക്ക് ജനുവരി 21 മുതൽ ബി.ഐ.എസ് ഹോൾ മാർക്കിംഗ് നിർബന്ധമാക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണത്തിന് എപ്പോഴും അതിന്റെ മൂല്യത്തിനുള്ള വിലകിട്ടുമെന്നും ഭാരവാഹികൾ പറയുന്നു.
ഹോൾ മാർക്കിംഗ് നിർബന്ധമാക്കിയതോടെ, ഹോൾമാർക്കിംഗ് ഇല്ലാത്ത സ്വർണം ഇനി വിൽക്കാൻ കഴിയില്ലെന്ന പ്രചരണമാണ് നടക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും സ്വർണത്തിന് ഒരിക്കലും മൂല്യം കുറയില്ലെന്നും അസോ. സംസ്ഥാനപ്രസിഡന്റ് ജസ്റ്റിൻ പാലത്ര, ജനറൽ സെക്രട്ടറി രാജൻ ജെ..തോപ്പിൽ, ട്രഷറർ പി.വി.തോമസ് എന്നിവർ പറഞ്ഞു. '' പഴയ സ്വർണം കൈയിലുള്ളവർ ആശങ്കപ്പെടേണ്ട. അതത് കാലത്തെ മൂല്യത്തിന് അനുസരിച്ചുള്ള വില ലഭിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. സമ്പൂർണ ഹോൾ മാർക്കിംഗ് നടപ്പാകുന്നതോടെ ക്വാളിറ്റിയുള്ള സ്വർണം ലഭിക്കും.''- ഭാരവാഹികൾ പറഞ്ഞു.