കോട്ടയം:മോട്ടോർ വാഹന നിയമ ഭേദഗതിയുടെ പേരിൽ കേന്ദ്രസർക്കാരിനെ പഴി പറഞ്ഞെങ്കിലും നടപ്പായപ്പോൾ ലോട്ടറിയടിച്ചത് സംസ്ഥാന സർക്കാരിനാണ്. അതിന് ശേഷമുള്ള നാലുമാസം കൊണ്ട് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ വിഭാഗം മാത്രം പിഴയായി 6.50 കോടി രൂപ ഖജനാവിലെത്തിച്ചു.
കഴിഞ്ഞ സെപ്തംബർ 26 മുതലാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിൽ വന്നത്. പിഴത്തുകയിലെ വൻ വർദ്ധന സർക്കാരിന് ദോഷമാകുമെന്ന സ്ഥിതിയായി. അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് എത്തിയതോടെ തത്കാലത്തേക്ക് മരവിപ്പിച്ചു. നവംബർ മുതൽ വീണ്ടും പരിശോധന ശക്തമാക്കിയപ്പോൾ വരുമാനം കുതിച്ചുയർന്നു. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയെന്നത് പ്രതിഷേധം ശക്തമായപ്പോൾ അഞ്ഞൂറായി സംസ്ഥാന സർക്കാർ കുറച്ചു.
4 മാസം: 65,655 കേസ്
സെപ്തംബർ മുതൽ ഡിസംബർ വരെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തത് 65,655 കേസ്. നിയമം കർക്കശമാക്കിയ മാസങ്ങളിൽ വരുമാനം ഉയർന്നു. സെപ്തംബറിൽ 7,607 കേസുകളും ഒക്ടോബറിൽ 12,583 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ നവംബറിൽ 18,246ഉം ഡിസംബറിൽ 27,219ഉം ആയി കേസുകൾ ഉയർന്നു.
ജില്ല........................ കേസ്..........പിഴത്തുക
തിരുവനന്തപുരം - 4796 - 1.01കോടി
കൊല്ലം - 5263 - 73.66 ലക്ഷം
പത്തനംതിട്ട - 4243 - 66.67 ലക്ഷം
ആലപ്പുഴ - 3640 - 39.63 ലക്ഷം
കോട്ടയം - 4142 - 1.88 കോടി
ഇടുക്കി - 4782 - 47.72 ലക്ഷം
എറണാകുളം - 8723 1.22 കോടി
തൃശൂർ - 6120 81.56 ലക്ഷം
പാലക്കാട് - 4366 59.33 ലക്ഷം
മലപ്പുറം - 6235 62.31 ലക്ഷം
കോഴിക്കോട് - 4575 44.50 ലക്ഷം
വയനാട് - 2362 30.97 ലക്ഷം
കണ്ണൂർ - 4269 78.35 ലക്ഷം
കാസർകോട് - 2139 49.62 ലക്ഷം
'' കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ അപകട മരണങ്ങൾ വളരെ കുറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിയമപ്രകാരമുള്ള പരിശോധന കർശനമായി തുടരുകയാണ്''
- രാജീവ് പുത്തലത്ത്,
ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ